കാസർകോട്ട് 46 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsകാസർകോട്: ജില്ലയിൽ കാസർകോട്ടും ബദിയടുക്കയിലും വൻ കഞ്ചാവ് വേട്ട. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബദിയടുക്ക, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി 46 കിലോ കഞ്ചാവ് പിടികൂടി. കേസിൽ വധക്കേസ് പ്രതിയുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നെല്ലിക്കട്ട ചൂരിപ്പള്ളം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആമു നഗറിലെ അബ്ദുറഹ്മാൻ (52), നായന്മാർമൂല പെരുമ്പളക്കടവിലെ സി.എ. അഹമ്മദ് കബീർ (40), നെല്ലിക്കട്ട ചേടിക്കാനത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആദൂർ കുണ്ടാർ ചേക്കറടുക്കത്തെ കെ.പി. മുഹമ്മദ് ഹാരിസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓപറേഷൻ ഡാൻസഫിൻെറ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ശനിയാഴ്ച പുലർച്ച ചൗക്കിയിൽവെച്ചാണ് ഓട്ടോയിൽ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ, കന്യാപാടിയിലെ ക്വാർട്ടേഴ്സിൽ 23.900 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചതായി മൊഴി നൽകി. തുടർന്ന് ബദിയടുക്ക പൊലീസ്, ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു. പ്രതികളിൽനിന്ന് 4,100 രൂപയും അഞ്ച് ഐ.ഡി കാർഡുകളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അഹമ്മദ് കബീർ 2009ൽ കുഴൽപണ ഇടപാടിനെച്ചൊല്ലി ചാല സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ ഒമ്പതാം പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.