അംഗങ്ങളുടെ പേരിൽ 4.76 കോടി രൂപ വായ്പയെടുത്തു; സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
text_fieldsകാസർകോട്: അംഗങ്ങളുടെ പേരിൽ 4.76 കോടി രൂപയുടെ വായ്പയെടുത്ത സംഘം സെക്രട്ടറിക്കെതിരെ കേസെടുത്തു. കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി കർമംതോടിയിലെ കെ. രതീശനെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. സി.പി.എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമാണ് രതീശൻ. വിവരം പുറത്തുവന്നയുടനെ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് സതീശനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഏരിയ കമ്മിറ്റി യോഗം തീരുമാനം ശരിവെച്ചു.
പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ സതീശൻ നാടുവിട്ടു. സൊസൈറ്റി പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ. സൂപ്പിയാണ് രതീശനെതിരെ പരാതി നൽകിയത്. 4,75,99,907 രൂപയുടെ സ്വർണ പണയ വായ്പയാണ് അംഗങ്ങളറിയാതെ എടുത്തത് എന്നാണ് പ്രാഥമിക പരിശോധനയിൽ വെളിവായത്. ഈടില്ലാതെ ഏഴ് ലക്ഷം രൂപ വരെ എടുത്തിട്ടുണ്ട്. ജനുവരി മുതൽ പല തവണകളായാണ് വായ്പകൾ എടുത്തത്.
സഹകരണ വകുപ്പ് ഓഡിറ്റർമാർ സൊസൈറ്റിയിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും പ്രസിഡന്റിനോട് പരാതി നൽകാൻ ഭരണ സമിതി നിർദേശം നൽകുകയുമാണുണ്ടായത്. കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന സൊസൈറ്റി 10 വർഷം മുമ്പാണ് തുടങ്ങിയത്. മുള്ളേരിയയിലെ ആസ്ഥാന ഓഫിസിനു പുറമെ കിന്നിങ്കാറിൽ ശാഖയുമുണ്ട്.
കേസ് ഉടൻ ജില്ല ക്രൈംബ്രാഞ്ചിനു കൈമാറും. കാറഡുക്ക അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ സ്വർണം പണയ തട്ടിപ്പ് അഴിമതി സി.പി.എം നേതൃത്വത്തിന്റെ അറിവോടെ കൂടിയെന്ന് ബി.ജെ.പി സംസ്ഥന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു.
ഭരണ സമിതി നേതൃത്വം അറിയാതെ സെക്രട്ടറിക്ക് മാത്രം അഞ്ചു കോടിയോളം രൂപയുള്ള വൻ തട്ടിപ്പ് നടത്താൻ സാധിക്കില്ല. തട്ടിപ്പ് പുറത്ത് വന്നപ്പോൾ സെക്രട്ടറിയെ മാത്രം പഴിചാരി രക്ഷപ്പെടാനാണ് ഭരണസമിതിയും സി.പി.എം നേതൃത്വവും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.