നഷ്ടത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പി.എഫ് കുടിശ്ശിക അടക്കാൻ 48 കോടി അനുവദിച്ചു
text_fieldsകാസർകോട്: നഷ്ടത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പി.എഫ് കുടിശ്ശിക അടക്കാൻ സർക്കാർ 48 കോടി രൂപ അനുവദിച്ചു. തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് പിടിക്കുകയും എന്നാൽ, പി.എഫിൽ വിഹിതം അടക്കാതിരിക്കുകയും ചെയ്ത കാസർകോട് കെൽ-ഇ.എം.എൽ ഉൾപ്പടെ 15 സ്ഥാപനങ്ങളിലെ വീഴ്ചകൾ പരിഹരിക്കാനാണ് തുക അനുവദിച്ചത്. വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാർ നിയമനടപടിക്ക് വിധേയരാവുന്നത് തടയാനാണ് തുക അനുവദിച്ചത്.
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ലിമിറ്റഡ് (3.8 കോടി), ഓട്ടോകാസ്റ്റ് (325), കേരള ഓട്ടോമോബൈൽസ് (മൂന്നു കോടി), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡ് (2.30 കോടി), ട്രാക്കോ കേബ്ൾ (2.40 കോടി), കേരള ബാംബൂ കോർപറേഷൻ(1.95 കോടി), ഹാൻഡ് ലൂം വികസന കോർപറേഷൻ(1.75 കോടി), സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് (1.55 കോടി), പ്രിയദർശിനി സ്പ്പിന്നിങ് മിൽ (1.35 കോടി), കെ.എസ്.ഐ.ഡി.സി (1.35 കോടി), യുനൈറ്റഡ് ഇലക്ട്രിക്കൽസ് (ഒരു കോടി), കണ്ണൂർ സ്പിന്നിങ് മിൽ (70 ലക്ഷം), കെൽപാം (30 ലക്ഷം), ട്രാവൻകൂർ സിമന്റ്സ് (2.25 കോടി), കെ.എൽ-ഇ.എം.എൽ (1.05 കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഈ തുക പി.എഫ് ഉൾപ്പടെ സ്റ്റാറ്റ്യൂട്ടറി കുടിശ്ശിക തീർക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജനുവരി 10ന് വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
കാസർകോട് കെ.എൽ-ഇ.എം.എല്ലിൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് പി.എഫ് പിടിക്കുകയും എന്നാൽ, പി.എഫിൽ അടക്കാതെ വകമാറ്റുകയും ചെയ്ത സംഭവം കഴിഞ്ഞ ഡിസംബർ 13ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മാനേജ്മെന്റ് പി.എഫ് അടക്കാത്തതിന്റെ പേരിൽ വിരമിച്ച തൊഴിലാളികൾക്ക് പി.എഫ് തുകയോ പെൻഷനോ ലഭിച്ചില്ല. ഇവരുടെ മക്കളുടെ വിവാഹം ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. തൊഴിലാളികൾ നിയമനടപടി സ്വീകരിക്കാൻ പോകുന്നതിനിടയിലാണ് 15 സ്ഥാപനങ്ങൾക്ക് ഇത്രയും തുക അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.