തീരം വിടാൻ സന്നദ്ധരായി 560 കുടുംബങ്ങള്‍
text_fieldsകാസർകോട്: ജീവൻ പണയംവെച്ചുള്ള തീരദേശ പൊറുതിക്ക് ബദൽ വഴി തേടി ജില്ലയിൽ 560 കുടുംബങ്ങൾ. സംസ്ഥാന സര്‍ക്കാറിന്റെ പുനര്‍ഗേഹം പദ്ധതിയിലാണ് ഇത്രയും കുടുംബങ്ങൾ അപേക്ഷ നൽകിയത്. 166 കുടുംബങ്ങള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. 50 വീടുകള്‍ പൂര്‍ത്തിയായി താമസം ആരംഭിക്കുകയും ചെയ്തു. തീരദേശത്ത് വേലിയേറ്റ മേഖലയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജില്ലയിൽ.
ജില്ലയില്‍ ആകെ 1600ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണുള്ളത്. കൂടുതല്‍ വീടുകളുടെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഓരോ ഗുണഭോക്താവിനും പത്ത് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഭൂമി വാങ്ങാനും ഭവന നിർമാണത്തിനുമായാണ് 10 ലക്ഷം സഹായം ലഭിക്കുന്നത്.
കടലാക്രമണ സാധ്യത പ്രദേശങ്ങളില്‍ നിന്ന് 200 മീറ്റര്‍ പുറത്തേക്കാണ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നത്. ഇത്തരത്തില്‍ മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ പഴയ സ്ഥലം കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. പദ്ധതിപ്രകാരം മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറാനാകും. ഈ പ്രദേശത്ത് ഭൂമി കണ്ടെത്തി വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി സ്ഥലം പരിശോധിച്ച് അവിടെ വീട് പണിയാന്‍ യോഗ്യമാണോ എന്ന് ഉറപ്പുവരുത്തും.
തുടര്‍ന്ന് സ്ഥലത്തിന്റെ മൂല്യനിര്‍ണയം നടത്താനായി തഹസില്‍ദാര്‍ക്ക് കൈമാറും.
മൂല്യനിർണയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ല കലക്ടര്‍ അധ്യക്ഷയായ ജില്ലതല കമ്മിറ്റിക്ക് നല്‍കും. ഈ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് ഗുണഭോക്താക്കള്‍ക്ക് പണം ലഭിക്കും. അപേക്ഷകന് തീരപ്രദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ സ്വന്തമായി വീട് വേണമെന്നാണ് അപേക്ഷിക്കാനുള്ള നിബന്ധന. സ്ഥലത്തിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബന്ധപ്പെട്ട മത്സ്യഭവന് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷകന് 50 മീറ്ററിനുള്ളില്‍ വേറെ ഭൂമിയില്ലെന്ന് നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.