കാടകമിന്ന് ചിലങ്കയണിയും...62ാമത് റവന്യൂ ജില്ല കലോത്സവം സ്പീക്കർ എ.എൻ. ഷംസീർ വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും
text_fieldsകാറഡുക്ക: സഹ്യന്റെ മടിത്തട്ടിലെ കാടകമിന്ന് ചിലമ്പൊലി നാദത്തിൽ ഉണരും. 62ാമത് റവന്യൂജില്ല കലോത്സവം സ്പീക്കർ എ.എൻ. ഷംസീർ വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. വേദിയിതര മത്സരങ്ങൾ ബുധനാഴ്ച അവസാനിച്ചതോടെ വേദികൾ വ്യാഴാഴ്ച ശബ്ദമുഖരിതമാകും. മുഖ്യ ആകർഷകമായ സ്റ്റേജ് ഇനങ്ങൾ കാണാൻ കാണികൾ കാടകത്തേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. കാടകത്തിന്റെ ഗ്രാമോത്സവമായിട്ടാണ് നാട്ടുകാർ ഇതിനെ കാണുന്നത്. മാറ്റുരക്കാൻ മത്സരാർഥികളും വേദിയിലേക്കെത്തുകയാണിന്ന്. കൗമാരകലയുടെ ആരവം കാടകം കടന്ന് ഇന്നു മുതൽ മൂന്നു ദിനം കാസർകോടൻ മണ്ണിലാകെ ആവേശം വിതറും.
റവന്യൂ ജില്ല കലോത്സവം കാസർകോട് മുന്നിൽ
കാറടുക്ക: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ 214 പോയന്റ് നേടി കാസർകോട് ഉപജില്ല മുന്നിൽ. 204 പോയന്റുകളോടെ ഹോസ്ദുർഗ് ഉപജില്ല രണ്ടാം സ്ഥാനത്തും 200 പോയന്റോടെ കുമ്പള മുന്നാം സ്ഥാനത്തുമുണ്ട്. സ്കുൾ തലത്തിൽ 66 പോയന്റ് നേടി ദുർഗ എച്ച്.എസ്.എസ്. ആണ് മുന്നിൽ. 56 പോയന്റു നേടി പൈവളിഗെ എച്ച്.എസ്.എസ്. രണ്ടാം സ്ഥാനത്തും 53 പോയന്റ് നേടി ചട്ടഞ്ചാൽ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റ് പോയന്റു നിലകൾ: ഹയർസെക്കൻഡറി ജനറൽ: കാസർകോട് -114, ഹോസ്ദുർഗ-109, ബേക്കൽ-101. ഹൈസ്കൂൾ ജനറൽ: കാസർകോട് -72, ഹോസ്ദുർഗ്, കുമ്പള 71 വീതം. യു.പി. ജനറൽ: കാസർകോട്, കുമ്പള 33വീതം പോയന്റ്. ബേക്കൽ 31. യു.പി. സംസ്കൃതം: ഹോസ്ദുർഗ്, മഞ്ചേശ്വരം 40 വീതം, ചിറ്റാരിക്കാൽ, ബേക്കൽ, കാസർകോട്, കുമ്പള, ചെറുവത്തൂർ 38 വീതം. എച്ച്.എസ്. സംസ്കൃതം: ഹോസ്ദുർഗ് 25, കുമ്പള, ചെറുവത്തൂർ 23 വീതം. യു.പി. അറബിക്: ചിറ്റാരിക്കാൽ, കാസർകോട്, കുമ്പള, ഹോസ്ദുർഗ് 20 വീതം. എച്ച്.എസ് അറബിക്: ചെറുവത്തൂർ, ബേക്കൽ, 40 വീതം. ഹോസ്ദുർഗ് 38.
ചിത്രമതിലിലെ ചുവരിലുണ്ട് ‘കാറ’ഡുക്കയുടെ ആഡംബര ‘കാറ്’
കാസർകോട്: കലയിൽ നിറഞ്ഞാടുന്നു ‘കാറഡുക്ക’ എങ്കിൽ ആ സ്ഥലം എവിടെ എന്ന് ചോദിക്കുന്നവർക്ക് കാറടുക്കയിലെ കലാകാരൻമാർ സ്കൂൾ ചുവരിൽ വരച്ച ചരിത്ര സ്മൃതിപഥത്തിലെ ‘കാറിൽ’ ഉത്തരം ലഭിക്കും. ബ്രിട്ടീഷുകാർക്ക് എതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി ‘കാടിനകം’ കൈയേറി സത്യഗ്രഹം നടത്തിയ സമര പാരമ്പര്യത്തിൽ നിന്നാണ് ‘കാടകം’ ജനിക്കുന്നത്. പിന്നീട് കാടകത്തെ ജന്മിമാർക്ക് മാത്രമുണ്ടായിരുന്ന ആഡംബര കാറിന്റെ ഷെഡിൽനിന്നാണ് ‘കാറടുക്ക’യുടെ പിറവി എന്ന് പഴമക്കാർ പറഞ്ഞുകേട്ടതെന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു.
കാടും നാടും ഭരിച്ചിരുന്ന ജന്മിമാർ യാത്ര പുറപ്പെടുമ്പോൾ ഉരിയാടുന്ന ‘കാറെടുക്കാം’ എന്ന് പറഞ്ഞിടത്തുനിന്നാണത്രെ ‘കാടകം’ ‘കാറടുക്ക’യിലേക്കുള്ള യാത്ര ആരംഭിച്ചത്. ജന്മിയുടെ ‘കാർ ഷെഡുണ്ടായിരുന്ന സ്ഥലം’ കാർഷെഡ്ഡിങ്കലായി. ഏറെക്കാലംവരെ ആ ഷെഡ് അവിടെയുണ്ടായിരുന്നുവെന്ന് സംഘാടക സമിതിയിലെ മോഹനൻ പറഞ്ഞു. ഈ കാർ കാറഡുക്കയുടെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കലോത്സവത്തിന്റെ ഭാഗമായി കാറടുക്കയിലെ കലാകാരൻമാർ ദേശത്തിെന്റ ചരിത്രം സ്കൂൾ മതിലിൽ വരച്ചുവച്ചപ്പോൾ ‘കാറ’ടുക്കയിലെ കാറും സ്ഥാനം പിടിച്ചു.
കാറഡുക്ക സ്കൂളിൽ നിന്നും വിരമിച്ച ചിത്രകലാ അധ്യാപകൻ കെ.പി. ജ്യോതിചന്ദ്രന്റെ നേതൃത്വത്തിൽ തയാറാക്കിയ ചിത്രമതിലിൽ ചിത്രകാരൻമാരായ സചീന്ദ്രൻ കാറടുക്ക, വിവേക് ബോവിക്കാനം, വിപിൻ പാലോത്ത്, വിനയൻ കാടകം എന്നിവർ പങ്കാളികളായി. കാസർകോടിന്റെ അടുക്ക പ്രത്യേകതകൾ പറയുമ്പോൾ പുതിയ തലമുറ കാറഡുക്കയുടെ ആംഡംബര കാറിനെ ചേർത്തു പറയുമത്രെ, ബന്തടുക്ക, ബദിയടുക്ക, ബേഡഡുക്ക ‘പണമുണ്ടെങ്കിൽ കാറെടുക്ക’യെന്ന്. ഏതായാലും കാറഡുക്കയിൽ എത്തുന്നവർക്ക് കാണാൻ സാധിക്കാത്തത് ഒന്നുമാത്രമേയുള്ളൂ, അത് പഴയ ‘കാറെടുക്ക’യാണ്.
‘വേറിട്ട ചിത്രമായി’ കുട്ടിക്കാമറമാൻ
കാറഡുക്ക: കൈയിൽ കാമറയും തൂക്കി ഓടിനടന്ന് കലോത്സവക്കാഴ്ചകൾ ഒപ്പുന്ന തിരക്കിലാണ് ഒരു കുഞ്ഞുമിടുക്കൻ. കാറഡുക്ക സ്കൂളിലെ രണ്ടാം തരത്തിൽ പഠിക്കുന്ന സായൂജാണ് കാമറമാന്റെ റോളിൽ സ്കിറ്റൊന്നുമില്ലാതെ വിദ്യാലയമുറ്റത്ത് വേറിട്ട താരമായത്. മുത്തച്ഛന്റെ കൈയുംപിടിച്ച് ഓടിനടന്ന് വളന്റിയേഴ്സിന്റെയും മറ്റും ഫോട്ടോ എടുക്കുന്നതുകണ്ട് പലരും അവന്റെ പിന്നാലെ കൗതുകത്തോടെ കൂടി. ഫ്രെയിമിൽ പതിഞ്ഞ ഫോട്ടോകൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കൻ.
കുട്ടിക്കാമറമാന്റെ ഇഷ്ടത്തിനനുസരിച്ച് അധ്യാപികമാർ പോസ് ചെയ്യുന്നത് കലോൽസവത്തിലെ മറ്റൊരു ചിത്രമായി. കാടകത്തെ പെയിന്റിങ് തൊഴിലാളിയായ ജി.സി. ഷാജു-ദിവ്യ ദമ്പതികളുടെ മകനാണ് സായൂജ്. അച്ഛൻ ഷാജു ഗൾഫിൽ ജോലിചെയ്യുമ്പോൾ കൊണ്ടുവന്ന കാമറയും തൂക്കിയാണ് കാലേക്കൂട്ടി കലോത്സവമുറ്റത്തെത്തിയത്. അച്ഛൻ ഫോട്ടോ എടുക്കുന്നത് നോക്കിയാണ് അതിന്റെ സാങ്കേതികപാഠങ്ങൾ പഠിച്ചതെന്ന് നിറചിരിയോടെ അവൻ പറഞ്ഞു. ക്ലാസ് അധ്യാപിക ഹാജിറ അബ്ബാസിെന്റ പ്രിയപ്പെട്ട ശിഷ്യൻകൂടിയാണ് സായൂജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.