കലുങ്കിലൂടെ നടപ്പാത അനുവദിക്കാൻ കഴിയില്ല; നിലപാട് കടുപ്പിച്ച് സുരക്ഷാവിഭാഗം
text_fieldsമൊഗ്രാൽ: മൊഗ്രാൽ ദേശീയപാതയിൽ ഷാഫി മസ്ജിദിനിടുത്തുള്ള കലുങ്ക് നിർമാണം ഉയരംകൂട്ടി സ്കൂൾ, മദ്റസ വിദ്യാർഥികൾക്കും, പള്ളിയിൽ പ്രാർഥനക്കായി എത്തുന്ന വയോജനങ്ങൾക്കും നടന്നുപോകാൻ അവസരം ഒരുക്കണമെന്ന ആവശ്യം ഒടുവിൽ അധികൃതർ നിരാകരിച്ചു. സുരക്ഷാവിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പ്രതീക്ഷ അസ്തമിച്ചത്. കൾവർട്ടായി തന്നെ നിർമാണം തുടരും.
ഉയരം കൂട്ടുന്ന ജോലിക്കിടയിലാണ് നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നസേഫ്റ്റി എൻജിനീയറിങ് വിഭാഗം ഇടപെട്ട് കലുങ്കിന്റെ ഉയരം കുറക്കാനുള്ള നിർദേശം നൽകിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്രദ്ധയിൽപെട്ട നാട്ടുകാർ നിർമാണ സ്ഥലത്ത് ബഹളം വെക്കുകയും പ്രവൃത്തികൾ തൽക്കാലം നിർത്തിവെക്കുകയും ചെയ്തിരുന്നു. കലുങ്കിന് ഉയരംകൂട്ടി കാൽനടയാത്രക്ക് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ജനപ്രതിനിധികളും, ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും കണ്ണൂരിലുള്ള ദേശീയപാത ഇൻപ്ലിമെന്റേഷൻ പ്രോജക്ട് ഡയറക്ടറെയും, കുമ്പള യു.എൽ.സി.സി ക്യാമ്പ് മാനേജറെയുംകണ്ട് ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ.കെ.എം അഷ്റഫ് എം.എൽ.എ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും ബന്ധപ്പെട്ടവരെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോലി നടന്നുകൊണ്ടിരിക്കെയാണ് മുകളിൽനിന്നുള്ള ഇടപെടൽ. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കലുങ്കിന് ഉയരം കൂട്ടാനുള്ള പലകയും ഇരുമ്പും അടിച്ചു കോൺക്രീറ്റ് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഉയരം കൂട്ടുന്നതിന് സേഫ്റ്റി എൻജിനീയറിങ് വിഭാഗം തടസ്സവാദമുന്നയിച്ച് രംഗത്ത് വന്നത്. നേരത്തെ ഒരു ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ കലുങ്കിന് മറുഭാഗത്ത് സമാനമായി കലുങ്ക് നിർമാച്ചാൽ സർവിസ് റോഡ് ഉയരത്തിൽ ആയതിനാൽ കാൽനട യാത്രക്ക് തടസ്സമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളും ബന്ധപ്പെട്ടവരെ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചിരുന്നത്.
വിഷയത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ജില്ല കലക്ടർ, ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ സേഫ്റ്റി വിഭാഗം ഉറച്ചുനിന്നതോടെയാണ് നാട്ടുകാരുടെ പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.