കാനനപാതയിലൊരു യാത്ര; 'വിസ്റ്റഡോമി'ൽ ഹൗസ്ഫുൾ
text_fieldsകാസർകോട്: കാട്ടിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കാനുള്ള സൗകര്യത്തിനു സമാനമായി ഒരുക്കിയ വിസ്റ്റഡോം കോച്ചുകളിൽ ഹൗസ്ഫുൾ. ഞായറാഴ്ച തുടങ്ങുന്ന വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനിൽ സീറ്റ് ബുക്കിങ് മണിക്കൂറുകൾക്കകമാണ് തീർന്നത്. മംഗളൂരു - ബംഗളൂരു റൂട്ടിലെ കാനനപാതകളിലൂടെ തുറന്ന യാത്ര പ്രതീക്ഷിച്ച് ബുക്ക് ചെയ്തവരിൽ കൂടുതലും സഞ്ചാരികളെന്നാണ് നിഗമനം. കാസർകോട് നിന്ന് സഞ്ചാര പ്രിയരായ ഒട്ടേറെ പേരാണ് ഈ ട്രെയിനിൽ സീറ്റുറപ്പിച്ചത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി ഇത്തരമൊരു ട്രെയിൻ സർവിസ് ആരംഭിച്ചത്. കന്നി സർവിസ് ഞായറാഴ്ച തുടങ്ങാനിരിക്കെ മണിക്കൂറുകൾക്കകം 73 സീറ്റുകളും ഫുൾ ആയി. യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ പകൽ ട്രെയിനുകളിൽ രണ്ട് വിസ്റ്റഡോം കോച്ചുകളാണ് സജ്ജീകരിച്ചത്. ഒരു കോച്ചിൽ 44 സീറ്റ് വീതം മൊത്തം 88 സീറ്റുകളാണ് ഒരുക്കിയത്.
ജി.എസ്.ടി ഉൾപ്പെടെ 1395 രൂപയാണ് മംഗളൂരുവിൽനിന്ന് യശ്വന്ത്പുർ വരെയുള്ള ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ബുധനാഴ്ചയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. വ്യാഴാഴ്ചയായപ്പോഴേക്കും 90 ശതമാനം സീറ്റും ബുക്കിങ് പൂർത്തിയായി. പശ്ചിമ ഘട്ടത്തിെൻറ ഭംഗി നേരിട്ടുകാണാൻ യാത്ര വഴി കഴിയുമെന്നതാണ് സവിശേഷത. സുബ്രഹ്മണ്യ സ്റ്റേഷൻ റോഡ് മുതൽ സക്ലേഷ്പുർ റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്രയിൽ പ്രകൃതിഭംഗി നുകരാൻ കഴിയുമെന്നതാണ് ഇതിെൻറ പ്രത്യേകത. സഞ്ചാരികൾക്കായി ഇരുവശങ്ങളിലും പിറകിലും മുകളിലും ഗ്ലാസ് ജനലുകളാണ് ഒരുക്കിയത്.
ഈ കോച്ചുകളുടെ ഏറ്റവും വലിയ സവിശേഷതയും ഇതുതന്നെ. 180 ഡിഗ്രി കറങ്ങാൻ കഴിയുന്ന ഇരിപ്പിടങ്ങളാണ് ഇതിനായി ഒരുക്കിയത്. പാട്ട് ഇഷ്ടപ്പെടുന്നവർക്കായി ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളും സ്പീക്കറുകളുമുണ്ട്. റഫ്രിജറേറ്റർ, കോഫി മേക്കർ, മൈക്രോവേവ് ഓവൻ തുടങ്ങി ഫൈവ്സ്റ്റാർ ഹോട്ടലിനു സമാനമായ സൗകര്യങ്ങൾ. വൈഫൈ പോലുള്ള സൗകര്യങ്ങൾ വേറെ. ഞായറാഴ്ച രാവിലെ 9.15നും മറ്റു ദിവസങ്ങളിൽ 11.30നുമാണ് മംഗളൂരുവിൽനിന്ന് ട്രെയിൻ പുറപ്പെടുക. സംസ്ഥാനത്തുനിന്ന് ഈ ടെയ്രിൻ ആശ്രയിക്കുന്നവരിൽ നല്ലൊരു ശതമാനവും കാസർകോട് ജില്ലക്കാരാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.