കോടിയേരി ജില്ലയുമായി ഏറെ അടുപ്പം പുലർത്തിയ നേതാവ്
text_fieldsകാസർകോട്: ജില്ലയുമായി എന്നും അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു മുൻമന്ത്രിയും സി.പി.എം നേതാവുമായ കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാന സെക്രട്ടറിയെന്ന നിലക്ക് ജില്ലയിലെ സംഘടനാരംഗത്തെ വിവിധ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു.
മന്ത്രിയായിരുന്നപ്പോഴും ജില്ലയിലെ വികസന പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടാൻ സാധിച്ചു. ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ബേക്കൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകി. ജില്ലയിൽ വർഗീയ അസ്വാസ്ഥ്യങ്ങൾ പതിവായിരുന്ന കാലത്ത് ആഭ്യന്തര മന്ത്രിയെന്ന നിലക്ക് ശക്തമായ നടപടികൾ അദ്ദേഹം കൈക്കൊണ്ടു.
പെരിയ കല്യോട്ട് സി.പി.എം റാലിയാണ് ജില്ലയിൽ അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടി. പ്രിയ നേതാവിന്റെ മരണ വിവരം അറിഞ്ഞതുമുതൽ ജില്ലയിലെ മുഴുവൻ നേതാക്കളും തലശ്ശേരിയിലേക്ക് കുതിച്ചു. പ്രവർത്തകരും അനുഭാവികളും തലശ്ശേരിയിലേക്ക് ഒഴുകുകയാണ്. ഗാന്ധിജയന്തിയുടെ ഭാഗമായി നിശ്ചയിച്ച വിവിധ പരിപാടികൾ മാറ്റിവെച്ചു.
ജില്ലയിലെ സംഘടന പ്രശ്നങ്ങളിലും മറ്റും മാതൃകാപരമായി ഇടപെട്ട് പരിഹരിച്ച മികച്ച നേതൃത്വമാണ് കോടിയേരിയുടേതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അനുസ്മരിച്ചു.
ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ജില്ലയിലെ സങ്കീർണമായ വിഷയങ്ങളിൽ മികച്ച തീരുമാനമെടുക്കാനും പരിഹരിക്കാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സംഘടന രംഗത്തും വ്യക്തിപരമായും ഒരുപാട് ഓർമകൾ ബാക്കി വെച്ചാണ് കോടിയേരി മടങ്ങുന്നതെന്ന് മുതിർന്ന നേതാവും മുൻ എം.പിയുമായ പി. കരുണാകരൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്രകമ്മിറ്റിയംഗം എന്നീ നിലകളിലെല്ലാം ഒന്നിച്ച് പ്രവർത്തിക്കാനായി. സംഘടന പ്രശ്നങ്ങളുടെ കാലത്ത് അന്വേഷണ കമീഷനുകളുടെ ചെയർമാൻ എന്ന നിലയിൽ താൻ പ്രവർത്തിച്ചപ്പോൾ നിഷ്പക്ഷമായ തീരുമാനമെടുക്കാൻ ഏറെ സഹായവും അദ്ദേഹം നൽകിയതായും അദ്ദേഹം അനുസ്മരിച്ചു.
കോടിയേരിയുടെ നിര്യാണത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ സി.ടി.അഹമ്മദലി അനുശോചിച്ചു. സിപിഎമ്മിലെ ജനകീയതയുടെയും മുഖമായിരുന്ന അദ്ദേഹം എല്ലാവരോടും ഒരേപോലെ ഇടപെടാൻ ശ്രദ്ധിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുന്നണി പോരാളിയെയാണ് മലയാളികൾക്ക് നഷ്ടമായതെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡന്റ് എം. ഹമീദ്ഹാജിയും ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോടിയേരിയുടെ മരണം വല്ലാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. അവിഭക്ത കണ്ണൂർ ജില്ലയുടെ കാലം തൊട്ടുള്ള പരിചയമാണ് അദ്ദേഹവുമായുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മൗനജാഥ നടത്തി
ഉദുമ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ചട്ടഞ്ചാലിൽ മൗനജാഥ നടത്തി. ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, ടി. നാരായണൻ, ചന്ദ്രൻ കൊക്കാൽ, പി. ലക്ഷ്മി, രാഘവൻ വെളുത്തോളി, എ.വി. ശിവപ്രസാദ്, ബി. മുഹമ്മദ്കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.