ഇനി തോഡ, തോഡ അല്ല; ബഡാ, ബഡാ ഹിന്ദി; ഹിന്ദി വായനശാലയൊരുക്കി കാസർകോട്ടൊരു ഗവ. സ്കൂൾ
text_fieldsകാസർകോട് ഗവ. യു.പി. സ്കൂളിലെ ഹിന്ദി ലൈബ്രറിയിൽ വായനയിലേർപ്പെട്ട വിദ്യാർഥികൾ
കാസർകോട്: കാസർകോട് ഗവ. യു.പി. സ്കൂളിൽ ഇനി തോഡ തോഡ ഹിന്ദി അല്ല, കുട്ടികൾ ബഡാ, ബഡാ ഹിന്ദി തന്നെ സംസാരിക്കും. അതിനായി വായന പരിപോഷിപ്പിക്കാൻ ഹിന്ദി വായനശാലയൊരുക്കി സ്കൂൾ. ഹിന്ദി പഠിക്കുന്ന കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കാൻ വേറിട്ട വഴി തേടുകയായിരുന്നു.
കുട്ടികളുടെ നേതൃത്വത്തിലുള്ള വായനശാലയും കുട്ടികൾതന്നെ ലൈബ്രേറിയന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന കാഴ്ച ഇതിന്റെ സവിശേഷതയാണ്. ഹിന്ദി അധ്യാപകനായ കെ.എൻ. സുനിൽകുമാർ തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് കുട്ടികളുടെ ഹിന്ദി വായനശാലയും കുട്ടി ലൈബ്രേറിയന്മാരും എന്ന ആശയത്തിലേക്കെത്തിയത്. പുതിയ പാഠ്യ പദ്ധതിക്ക് അനുയോജ്യമായ രീതിയിൽ ഹിന്ദി വായനശാല നവീകരണമാണ് അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രധാന ലക്ഷ്യം. യു.പി വിഭാഗം കുട്ടികൾ ദിവസവും വായനശാലയിലെത്തി പുസ്തകങ്ങൾ വായിക്കും.
സംശയങ്ങൾ ദൂരീകരിക്കാൻ സുനിൽ മാഷും ഒപ്പമുണ്ടാകും. കഥ, കവിത, ജീവചരിത്രം, നോവലുകൾ.... കുട്ടികൾ വായിച്ച് ആസ്വാദന കുറിപ്പുകൾ തയാറാക്കി അവതരിപ്പിക്കും. ഇതിലൂടെ ചെറുപ്രായത്തിൽതന്നെ രാഷ്ട്രഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാനാകും. വായനശാലയിൽ കുട്ടികളും അധ്യാപകരും ശേഖരിച്ച മുന്നൂറോളം പുസ്തകങ്ങളും ഇന്ത്യയിലെ വിവിധ പ്രസാധകരുടെ ഹിന്ദി പത്രങ്ങൾ, പത്രികകൾ, മാഗസിനുകൾ എന്നിവ വായനശാലയെ സമ്പന്നമാക്കി. വായന സജീവമായതോടെ ഹിന്ദി സംവാദം, ഹിന്ദി വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിക്കാനായി.
മഹത് വ്യക്തികളുടെയും ഹിന്ദി ലേഖകന്മാരുടെയും സംക്ഷിപ്ത ജീവചരിത്രങ്ങൾ കുട്ടികൾതന്നെ തയാറാക്കി പ്രകാശിപ്പിച്ചു. ‘കാസർകോട് സമാചാർ' എന്ന പേരിൽ കൈയെഴുത്ത് ഹിന്ദി പത്രവും കുട്ടികൾ പ്രസിദ്ധീകരിച്ചു. പ്രഥമാധ്യാപിക ഡി. വിമലകുമാരി, പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം, എസ്.എം.സി ചെയർമാൻ കെ.സി. ലൈജുമോൻ എന്നിവർ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി കുട്ടികൾക്കൊപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.