600ലേറെ അധ്യാപകരെ ഇനിയും വേണം; നാഥനില്ലാതെ നൂറോളം സ്കൂളുകൾ, താൽക്കാലിക നിയമന നടപടികൾ തുടങ്ങി
text_fieldsകാസർകോട്: കേരളപ്പിറവിദിനത്തിൽ പുതിയ അധ്യയനവർഷത്തിന് ആരംഭമാവുേമ്പാൾ കാസർകോട് ജില്ലയിലെ സ്കൂളുകളിൽ പലതും നാഥനില്ലാത്ത അവസ്ഥ. മൊത്തം അറുനൂറിലേറെ അധ്യാപകരുടെ ഒഴിവുകളാണ് ജില്ലയിലെ സ്കൂളുകളിൽ നിലനിൽക്കുന്നത്. സ്കൂൾ തുറക്കാൻ ആറുദിവസം മാത്രം ശേഷിക്കെ താൽക്കാലിക അധ്യാപകരെ നിയമിക്കുന്ന തിരക്കിലാണ് സ്കൂൾ അധികൃതർ. പി.എസ്.സി നിയമനശിപാർശ ലഭിച്ച 300ലേറെ അധ്യാപക തസ്തികകളിൽ ഇതിനകം നിയമനം നടത്തിയെങ്കിലും പ്രതിസന്ധി മാറിയില്ല. കാസർകോട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിൽ സ്ഥിതി അതി ദയനീയമാണ്. ഒരു സ്ഥിരാധ്യാപകൻ മാത്രമുള്ള സ്കൂൾ വരെ ഇൗ ഉപജില്ലകളിലുണ്ട്. അതിർത്തി ഗ്രാമമായതിനാലാണ് ഈ ദുരവസ്ഥ. ഹയർസെക്കൻഡറിയിൽ ഉടൻ നടക്കാൻപോകുന്ന സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൂടി പ്രാബല്യത്തിൽ വന്നാൽ ജില്ലയിലെ അധ്യാപക ഒഴിവുകൾ വീണ്ടും കൂടും.
പ്രധാനാധ്യാപകരില്ലാതെ 89 സ്കൂളുകൾ
ജില്ലയിൽ പ്രധാനാധ്യാപകരില്ലാതെ 89 പ്രൈമറി സ്കൂളുകളാണുള്ളത്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ 21 ഒഴിവുകളുമുണ്ട്. ഹൈസ്കൂൾ ഹെഡ് മാസ്റ്ററുടെ ഒരു ഒഴിവ് വേറെ. സ്കൂൾ തുറക്കൽ ഒരുക്കം സജീവമായ വേളയിൽ ഇത്തരം സ്കൂളുകളിൽ നാഥനില്ലാത്ത അവസ്ഥയാണ്. മുതിർന്ന അധ്യാപകന് ചുമതലയുണ്ടെങ്കിലും ഇവർക്ക് ഹെഡ്മാസ്റ്റർ പണി മാത്രമല്ലയുള്ളത്. മറ്റ് അധ്യാപകരെ പോലെ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. പി.ടി.എ, മദർ പി.ടി.എ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട അനവധി വേദികൾ കൈകാര്യം ചെയ്യണം.
ഫിസിക്കൽ സയൻസിൽ മാത്രം 55
കേസ് നിലനിൽക്കുന്നതിനാൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസിൽ മാത്രം 55 അധ്യാപക ഒഴിവിൽ നിയമനം നീളുകയാണ്. ഇത് ഉൾെപ്പടെ ഹൈസ്കൂൾ വിഭാഗത്തിൽ 120 ഒഴിവുകളുമുണ്ട്. ഭാഷാധ്യാപകരുടെ 67 ഒഴിവുകൾ വേറെ. വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ മിക്കതിലും നാമമാത്രമായ സ്ഥിരാധ്യാപകർ മാത്രമേ ഉള്ളൂ. രണ്ടോ മൂന്നോ സ്ഥിരാധ്യാപകരാണ് വി.എച്ച്.എസ്.എസിലെ അവസ്ഥ. ഹയർ സെക്കൻഡറി വിഭാഗത്തിലും വിവിധ വിഷയങ്ങളിലായി 150ൽ ഏറെ അധ്യാപക ഒഴിവുകൾ നിലനിൽക്കുന്നു.
താൽക്കാലികക്കാർ വാഴും
എൽ.പി, യു.പി അധ്യാപക തസ്തികകളിൽ ഇരുനൂറിലേറെയാണ് ഒഴിവുകൾ. റാങ്ക്ലിസ്റ്റ് നിലവിൽ ഇല്ലാത്തതിനാൽ നിയമനം അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ട. നിയമനശിപാർശ കിട്ടിയവർക്കുതന്നെ വർഷം പിന്നിട്ടശേഷമാണ് നിയമനം കിട്ടിയത്. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇവരുടെ നിയമനം ഇനിയും നീളുമെന്നാണ് സൂചന. എൽ.പി മലയാളം മാധ്യമത്തിൽ 138 അധ്യാപക ഒഴിവാണുള്ളത്. യു.പി മലയാളം വിഭാഗത്തിൽ ഒഴിവ് 108 ആണ്. എൽ.പി കന്നട മാധ്യമത്തിൽ 16 ഒഴിവുകളും യു.പിയിൽ കന്നട മാധ്യമ വിഭാഗത്തിൽ ഒമ്പതും അധ്യാപക ഒഴിവുണ്ട്. അറബിക് പ്രൈമറി അധ്യാപകരുടെ 57 ഒഴിവുകളും ജില്ലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.