അപകടങ്ങൾ പതിവാകുന്നു; മുണ്ടേരിക്കടവുകാർക്ക് ഭീഷണിയായി അമിതഭാരം കയറ്റുന്ന മിനിലോറികൾ
text_fieldsചക്കരക്കല്ല്: മിനിലോറികളിൽ മരത്തടികൾ കയറ്റിപ്പോവുന്നതും അപകടങ്ങൾ പതിവാകുന്നതും മുണ്ടേരിക്കടവ് പ്രദേശത്തുള്ളവർക്ക് ഭീഷണിയാകുന്നു. മലയോര മേഖലകളിൽനിന്ന് പുതിയതെരു, വളപട്ടണം ഭാഗങ്ങളിലേക്ക് മരത്തടികൾ കയറ്റിപ്പോകുന്ന മിനിലോറികളാണ് മുണ്ടേരി നിവാസികൾക്ക് അപകട ഭീഷണിയാകുന്നത്. മിനിലോറികൾ അപകടങ്ങളിൽപെടുന്നത് ഇവിടെ നിത്യകാഴ്ചയാണ്.
ഒരു ട്രിപ്പിന് പരമാവധി ലോഡ് കയറ്റി ട്രിപ് ലാഭകരമാക്കാനുള്ള ലോറിക്കാരുടെയും മരക്കച്ചവടക്കാരുടെയും താല്പര്യം അപകടങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. വളവുകളും കയറ്റിറക്കങ്ങളും കൂടുതലായുള്ള മുണ്ടേരിമൊട്ട-മുണ്ടേരിക്കടവ് റോഡിലാണ് അപകടങ്ങൾ ഉണ്ടാകുന്നതും ഗതാഗതം തടസ്സപ്പെടുന്നതും തുടർക്കഥയാവുന്നത്.
കഴിഞ്ഞ ദിവസവും ഒരുലോറി കയറ്റത്തിൽ മുൻ ഭാഗം പൊന്തി പിറകിലോട്ട് ചരിഞ്ഞ് അപകടത്തിൽപെട്ടു. ഭാഗ്യം കൊണ്ടാണ് വലിയ അപായങ്ങൾ സംഭവിക്കാതിരുന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർ ജീവൻ പണയം വെച്ചാണ് കടവ് റോഡിൽക്കൂടി യാത്ര ചെയ്യുന്നത്.
ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കും ഏറെ ഭീഷണിയാണ് അമിതഭാരം വഹിച്ചുള്ള ലോറികൾ സൃഷ്ടിക്കുന്നത്. വാഹനത്തിന് പുറത്തേക്ക് വലിയ രീതിയിൽ തള്ളിയ നിലയിൽ മരം നിറച്ചാണ് മിനിലോറികൾ കടന്നുപോവുന്നത്.
അമിതഭാരം കയറ്റുന്നത് ഒഴിവാക്കാനും സ്കൂൾ കുട്ടികൾ കൂടുതൽ യാത്ര ചെയ്യുന്ന വൈകീട്ട് മൂന്നിനും ആറിനുമിടയിൽ ഇതുവഴിയുള്ള ചരക്ക് ലോറികളുടെ യാത്ര നിരോധിക്കാനും നടപടികൾ സ്വീകരിക്കണമെന്നും കർശന പരിശോധന നടത്തണമെന്നും മുണ്ടേരി മുസ്‍ലിം ലീഗ് ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.
നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ലോറി തടയൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.