മോഷണക്കേസിൽ പ്രതികളാക്കുന്നു; ജ്വല്ലറി ഉടമകൾ ഹൈകോടതിയിലേക്ക്
text_fieldsകാസർകോട്: സ്വർണം മോഷ്ടിച്ച കേസിൽ തൊണ്ടിമുതൽ അന്വേഷിച്ചെത്തുന്ന കർണാടക പൊലീസ് ജ്വല്ലറി ഉടമകളെ പ്രതികളാക്കുന്നതിനെതിരെ ഉടമകൾ ഹൈകോടതിയിലേക്ക്. സ്വർണം വിൽക്കാൻ വരുന്നവരുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ വാങ്ങിയാണ് ഇടപാട് നടക്കുന്നത്. വിൽക്കാൻ വരുന്നത് കള്ളനാണോയെന്ന് തിരിച്ചറിയാൻ ജ്വല്ലറി ഉടമകൾക്ക് പോംവഴിയില്ല.
പരിചയക്കാരിൽനിന്ന് മാത്രമേ ജ്വല്ലറിക്കാർ സ്വർണം വാങ്ങാൻ പാടുള്ളൂവെന്ന് അസോസിയേഷൻ തീരുമാനമാണ്. 20,000 രൂപയിൽ കൂടുതൽ മൂല്യമുണ്ടെങ്കിൽ ചെക്ക് വഴി നൽകണമെന്നാണ് ചട്ടം. ഈചട്ടങ്ങളെല്ലാം നിലനിൽക്കെ മോഷണ മുതൽ കണ്ടെത്താനെന്ന പേരിൽ ജ്വല്ലറി ഉടമകളെ റെയ്ഡും കേസുമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോഷണക്കേസിൽ തോണ്ടിമുതൽ അന്വേഷിച്ച് ജ്വല്ലറികളിൽ വരുന്ന രീതി മാറണം.
കേരള പൊലീസ് സമീപനം സ്വാഗതമാർഹമാണ്. കേരള പൊലീസിൽ വിവരം നൽകാതെയാണ് കർണാടക പൊലീസ് എത്തുന്നത്. പ്രഥമവിവരറിപ്പോർട്ടിൽ മോഷണംപോയ മുതലിനെക്കാൾ അളവ് സൂചിപ്പിച്ച് അതുമുഴുവൻ ജ്വല്ലറിയിൽനിന്ന് കണ്ടെടുക്കുകയാണ് ചെയ്യുന്നത്.
പൊലീസ് പിടിച്ച സ്വർണം തിരികെ ലഭിക്കാൻ ജ്വല്ലറി ഉടമകൾ സിവിൽകേസ് നൽകി വർഷങ്ങളോളം കേടതി കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഈ രിതിൽ പീഡിപ്പിക്കപ്പെട്ട ഉടമ ജയിയിൽ കഴിയേണ്ടി വന്നിട്ടുണ്ണെന്നും ഭാരവാഹികൾ പറഞ്ഞു. വ്യക്തിവിരോധത്തിന്റെ പേരിലും രക്ഷപ്പെടാനുള്ള വഴിയായും കള്ളന്മാർ ചില ജ്വല്ലറികളുടെ പേര് പറയുന്നുണ്ട്. ഒരുവർഷംമുമ്പുള്ള കേസുകളുമായാണ് പൊലീസ് വരുന്നത്. ഇവക്കൊന്നുന്നും സി.സി.ടി.വി ബാക്കപ്പും ഉണ്ടാകാറില്ല.
ഈ സാഹചര്യത്തിൽ സ്വർണ മോഷണക്കേസിൽ തൊണ്ടിമുതൽ അന്വേഷിച്ച് ജ്വല്ലറികളെ സമീപിക്കുന്ന പൊലീസ് രീതി മാറണം. ഇതിനായി നിയമം വേണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിക്കുകയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ്, ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.എ. അബ്ദുൽ കരീം, ജനറൽ സെക്രട്ടറി കോടോത്ത് അശോകൻ നായർ, ട്രഷറർ ബി.എം. അബ്ദുൽ കബീർ, വർക്കിങ് പ്രസിഡന്റ് റോയ് ജോസഫ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, ജി.വി. നാരായണൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.