കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെ കണ്ടെത്താനായില്ല; മണിക്കൂറുകൾ നീണ്ട തിരച്ചിൽ, ഇരുട്ടിൽതപ്പി പൊലീസ്
text_fieldsകാസർകോട്: തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടുവെന്ന വിവരം ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലേക്കുമെത്തി. അതിർത്തിവഴി കടക്കാതിരിക്കാൻ സർവസന്നാഹവുമൊരുക്കി. സിനിമാക്കഥകളെ അനുസ്മരിപ്പിക്കുംവിധംപോലെ ഒപ്പംവന്ന പൊലീസുകാർ പരക്കംപാഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയാണ് രക്ഷപ്പെട്ടത്. പ്രതിയെ കിട്ടിയില്ലെങ്കിലുള്ള പുകിൽ ഇവർക്ക് ചിന്തിക്കാവുന്നതിനുമപ്പുറം. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ആലംപാടി സ്വദേശി അമീർ അലിയാണ് (23) പൊലീസിനെ വെട്ടിച്ച് മുങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കാസർകോട് നിരവധി കേസുകളുണ്ട്. ഇതിലൊന്നിൽ കോടതിയിൽ ഹാജരാക്കാനാണ് തിങ്കളാഴ്ച രാവിലെ പത്തോടെ കാസർകോട്ടേക്ക് വന്നത്. 10ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു ലക്ഷ്യം. ഒരു എ.എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസുകാരാണ് കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് പ്രതിക്കൊപ്പം വന്നത്.
കെ.എസ്.ആർ.ടി.സി ബസിൽനിന്ന് കോടതി സമുച്ചയം സ്ഥിതിചെയ്യുന്ന വിദ്യാനഗർ സ്റ്റോപ്പിൽ ഇറങ്ങിയയുടൻ പ്രതി കുടിവെള്ളം ആവശ്യപ്പെട്ടു. കൈയാമമില്ലാത്ത കാര്യം ശ്രദ്ധിക്കാതെ ഇതിന് അനുമതിയും നൽകി. തൊട്ടടുത്തെ കടയിലേക്കെന്ന വ്യാജേന പ്രതി കയറിയതും പിന്നെ കണ്ടില്ല. പിന്നാലെ ഓടിയെങ്കിലും മിനിറ്റുകൾക്കകം പ്രതി കൺമറയത്തായി. ജില്ലയിൽ അറിയപ്പെടുന്ന ലഹരികടത്തുകേസിലെ പ്രതിയാണ് യുവാവ്. 18 വയസ്സുള്ളപ്പോൾതന്നെ 17 കേസുകളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. ആൾക്കൂട്ടത്തിൽനിന്ന് പെട്ടെന്ന് മറയാനുള്ള അസാമാന്യമിടുക്കാണ് ഇയാൾക്കുള്ളതെന്ന് പൊലീസ് പറഞ്ഞു. കണ്ടുകൊണ്ടിരിക്കെ മറഞ്ഞുകളയുന്നതിനാൽ 'കള്ളനായ മാജിക്കുകാരൻ' എന്ന വിളിപ്പേരുമുണ്ട്.
പ്രതിയെ കണ്ടെത്താൻ പൊലീസ് ജില്ലയുടെ എല്ലാ ഭാഗത്തും വലവിരിച്ചെങ്കിലും തിങ്കളാഴ്ച രാത്രി വരെ ഒരു സൂചനയും ലഭിച്ചില്ല. പ്രതിയുടെ പഴയ സുഹൃത്തുക്കളെയല്ലാം തേടി പൊലീസ് അന്വേഷിക്കുന്നുണ്ട്. കാസർകോട് ടൗൺ പൊലീസ് കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസവും അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.