ജില്ലയില്‍ അഴിമതിക്കെതിരായ നടപടി ശക്തമാക്കും -കലക്ടര്‍
text_fieldsകാസർകോട്: പൊതുജനങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും ജില്ല കലക്ടര്‍ കെ.ഇമ്പശേഖർ. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മുഖേന നടപ്പിലാക്കി വരുന്ന ജില്ല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വിജിലന്‍സ് കമ്മിറ്റി ജാഗ്രത പുലർത്തും.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വിജിലന്‍സിന്റെ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. അഴിമതികള്‍ ഇല്ലാത്ത നല്ല നാളേക്കായി വിവിധ വകുപ്പുകള്‍ യോഗം ചേരണമെന്നും അടുത്ത ജില്ല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അതിന്റെ മിനുറ്റ്സ് ഹാജരാക്കണമെന്നും അദ്ദേഹം അറിയിച്ചു. പാവപ്പെട്ട ജനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും സഹായത്തിനായി എത്തുന്നത്. അവരെ ചൂഷണം ചെയ്യാന്‍ പാടില്ല. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത് വളരെ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും ഒരു കാര്യം പെട്ടെന്ന് നടക്കാന്‍ വേണ്ടി തുക കൊടുക്കുന്നവരുണ്ട്. പണം കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില വകുപ്പുകളില്‍ കറപ്ഷന്‍ കൂടുന്ന സ്ഥിതിയുണ്ട്. ഇത് പാടെ ഇല്ലാതാക്കണം. ഈ മാസം 30ന് വില്ലേജ് ഓഫിസര്‍മാരുടെ യോഗം ചേരുമെന്നും ആ യോഗത്തില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുമെന്നും ജില്ല കലക്ടർ പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരന് നായര്‍ വിജിലന്‍സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എല്ലാ വകുപ്പുകളുടെയും സി.യു.ജി നമ്പറുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തനക്ഷമമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. രണ്ടു പരാതികളാണ് റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. അവ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകള്‍ നടത്തും. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാണെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിർദേശിച്ചു. പൊതുപ്രവര്‍ത്തകര്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, എ.ഡി.എം കെ. നവീന്‍ ബാബു, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍, പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല വിജിലന്‍സ് യൂനിറ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ. സുനുമോന്‍ സ്വാഗതവും ജില്ല വിജിലന്‍സ് യൂനിറ്റ് എ.എസ്.ഐ വി.ടി. സുഭാഷ് ചന്ദ്രന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.