എൻഡോസൾഫാൻ ഇരകൾക്ക് സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം -രാജ്മോഹൻ ഉണ്ണിത്താൻ എം.പി
text_fieldsകാസർകോട്: എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിെൻറ തീരാ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പാർലെമന്‍റിെൻറ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ജില്ലയിലെ ഏതാണ്ട് 30 ഗ്രാമപഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലെ നിരവധിപേർ ഇന്നും ദുരിതം പേറി മരണത്തിനും ജീവിതത്തിനുമിടയിൽ നരകിച്ചുകഴിയുകയാണ്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം 6727 പേരെ എൻഡോസൾഫാൻ ഇരകളായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷൻ 1000 രൂപ നൽകണമെന്ന് നിർദേശിച്ചു. എൻഡോസൾഫാൻ ദുരിതത്തിനിരയായി മരണപ്പെട്ടവർക്കും ജീവിച്ചിരിക്കുന്ന ഇരകൾക്കും അഞ്ചു ലക്ഷം രൂപ വീതം നല്കണമെന്ന് 2010 ൽ സുപ്രീംകോടതി ഉത്തരവിടുകയുണ്ടായി.
കൂടാതെ, 2017ലും 2021ലും സുപ്രീംകോടതി ഇതേ നിർദേശം ആവർത്തിച്ചു. എന്നാൽ, 6727 ഇരകളിൽ 4200 ഇരകൾക്ക് നാളിതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇവർക്ക് ചികിത്സ നൽകാൻ നിലവിൽ മതിയായ സൗകര്യങ്ങൾ ഇല്ല. ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് പോലുള്ള ഉന്നത ചികിത്സ കേന്ദ്രങ്ങൾക്കുവേണ്ടിയുള്ള പ്രപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
എൻഡോസൾഫാൻ മൂലം ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബഡ്സ് സ്കൂൾ എന്ന പേരിൽ പ്രത്യേക സ്കൂളുകളുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപകരുടെയും അപര്യാപ്തതയാൽ ഈ സ്കൂളുകൾ വളരെയധികം പ്രയാസം നേരിടുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നും നാളിതുവരെയായി സമഗ്രമായ ഒരു പദ്ധതി ഉണ്ടായിട്ടില്ല. എൻഡോസൾഫാൻ ഇരകളുടെ പരാതികൾ പരിശോധിച്ച് വേഗത്തിലുള്ള പരിഹാരം കാണാനും സുപ്രീംകോടതിയുടെ വിധി അനുസരിച്ച് മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കാനും കേരള സർക്കാരിന് നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.