തദ്ദേശ അദാലത്; വോർക്കാടി പഞ്ചായത്തിലെ ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കും
text_fieldsകാസർകോട്: വോർക്കാടി ഗ്രാമ പഞ്ചായത്തിൽ ഭൂരഹിത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ നിർദേശം നൽകി മന്ത്രി എം.ബി. രാജേഷ്. മുമ്പ് വനം വകുപ്പിന് സാമൂഹിക വനവത്കരണത്തിനായി വിട്ടുകൊടുത്ത ഭൂമിയിൽ നിന്ന് നാല് ഏക്കർ തിരികെ ലഭിക്കാനുള്ള രൂപരേഖ തയാറാക്കി സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. സർക്കാർതലത്തിൽ വനം വകുപ്പുമായി ചർച്ച ചെയ്ത് ഭൂമി ലഭ്യമാക്കുന്നതിന് ആവശ്യമായ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. വോർക്കാടി ഗ്രാമപഞ്ചായത്തിൽ സ്വന്തമായി വാസയോഗ്യമായ വീടോ വീടുവെക്കാൻ യോഗ്യമായ ഭൂമിയോ ഇല്ലാത്ത 106 കുടുംബങ്ങളാണുള്ളത്.
കൂടാതെ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമാണം നടത്തേണ്ട ഭൂമി ഇടിഞ്ഞതിനെ തുടർന്ന് മറ്റൊരു സ്ഥലത്ത് ഭവനനിർമാണത്തിനായി ഭൂമി കണ്ടെത്തേണ്ട ആറ് കുടുംബങ്ങളുമുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലിരുന്ന കൊട്ട്ലമൊഗരു വില്ലേജിലെ 49.5 ഏക്കർ സ്ഥലം 1978 ൽ സാമൂഹിക വനവത്കരണത്തിനായി വനം വകുപ്പിന് വിട്ടുനൽകിയിരുന്നു. പ്രസ്തുത ഭൂമിയിൽ ഇപ്പോളും പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ഈ ഭൂമിയിൽനിന്ന് നാല് ഏക്കർ ഭൂമി തിരികെ പഞ്ചായത്തിന് ലഭിച്ചാൽ ഈ 112 ഗുണഭോക്താക്കൾക്കും ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിക്കാനുള്ള ഭൂമി ലഭ്യമാക്കാനാകും. ഈ ആവശ്യമുന്നയിച്ച് വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി. രാജേഷിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.