വെസ്റ്റ് എളേരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
text_fieldsകാസർകോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപൊയിലിലെ പന്നിഫാമിൽ പന്നികളിൽ ആഫ്രിക്കൻ സ്വൈൻഫീവർ (പന്നിപ്പനി) മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. ആഫ്രിക്കൻ സ്വൈൻഫീവർ പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കലക്ടർ അറിയിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ വാർഡ് 12, ഏച്ചിപ്പോയിൽ, അഴിക്കാനിക്കൽ എ.എസ്. മഹേഷ് എന്ന കർഷകന്റെ പന്നി ഫാമിലാണ് പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമായ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകി. രോഗ പ്രഭവ കേന്ദ്രത്തിന് 10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ചും കലക്ടർ ഉത്തരവായി.
പന്നികളെ കൊന്നൊടുക്കും
രോഗത്തിന്റെ പ്രഭവകേന്ദ്രത്തിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ അടിയന്തിരമായി കൊന്നൊടുക്കി മാനദണ്ഡങ്ങൾ പ്രകാരം മറവ് ചെയ്യുന്നതിനും പ്രഭവ കേന്ദ്രത്തിന് പുറത്ത് 10 കി.മീ ചുറ്റളവിൽ രോഗ നിരീക്ഷണം ഏർപ്പെടുത്തുന്നതിനുമുള്ള നടപടി ജില്ല മൃഗ സംരക്ഷണ ഓഫിസർ സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. കർഷകന് നിയമാനുസൃതം നഷ്ടപരിഹാരം നൽകും.
രോഗ പ്രഭവ കേന്ദ്രത്തിന് 10 കി. മീ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവയുടെ ഗതാഗതം ഉണ്ടാകുന്നില്ല എന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തണം. അഗ്നിരക്ഷാ വകുപ്പ് രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടി പൂർത്തിയായാൽ ഉടൻ തന്നെ പരിസരം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.