അദാനി വിമാനത്താവളം വഴി അഗർതല അടക്ക ഇറക്കുമതി; പ്രതിഷേധിച്ച് കാംപ്കോ
text_fieldsമംഗളൂരു: കവുങ്ങുകളിലെ മഞ്ഞളിപ്പ് രോഗം സൃഷ്ടിച്ച ആഘാതത്തിൽ കഴിയുന്ന കർഷകർക്ക് മറ്റൊരു വെല്ലുവിളിയായി അടക്ക ഇറക്കുമതി. മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളം സംയോജിത കാർഗോ ടെർമിനൽ (ഐ.സി.ടി) വഴി അഗർതലയിൽനിന്ന് വൻതോതിൽ അടക്ക ഇറക്കുമതി ചെയ്യാനാരംഭിച്ചു. ഈ നീക്കത്തിനെതിരെ കർണാടക-കേരള അടക്ക വിപണന, സംസ്കരണ സഹകരണ സ്ഥാപനം ‘കാംപ്കോ’ രംഗത്തുവന്നു.
മംഗള അടക്കയെ വെല്ലുന്നത് എന്ന അവകാശവാദത്തോടെ 60 ചാക്കുകളിലായി 1519 കിലോഗ്രാം ചുവന്ന ഇനമാണ് ഈ മാസം ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം മേയ് ഒന്നിന് ആരംഭിച്ച സംയോജിത കാർഗോ സർവിസിൽ ഏറ്റവും വലുതാണ് ഇതെന്ന് വിമാനത്താവളം അധികൃതർ അവകാശപ്പെട്ടു.
കർണാടക ശിവമൊഗ്ഗയിലെ ശ്രീനിവാസ് സുപാരി ട്രേഡേഴ്സിനുവേണ്ടിയാണ് അഗർതലയിൽനിന്ന് അടക്ക എത്തിച്ചത്. ഈ സ്ഥാപനം സംസ്കരിക്കാനും കർഷകർക്ക് അത്യുൽപാദന ഇനം തൈകളായി വിതരണം ചെയ്യാനുമാണ് ഇത് ഉപയോഗിക്കുക. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ കാംപ്കോ സിൽവർ ജൂബിലി ഉദ്ഘാടനം നിർവഹിച്ചിരുന്നു.
സഹകരണ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി വാഗ്ദാനങ്ങൾ ചൊരിഞ്ഞതിന് പിന്നാലെയാണ് പുതിയ ഇടിത്തീ. അടുത്ത മാസം ഐ.ടി.സി വഴി അടക്ക ഉൾപ്പെടെ 2524 ടൺ ഇനങ്ങൾ ഇറക്കുമതി ലക്ഷ്യവുമായാണ് വിമാനത്താവളം മുന്നോട്ടുപോവുന്നത്. അനധികൃത അടക്ക ഇറക്കുമതിയാണിതെന്ന് കാംപ്കോ പ്രസിഡന്റ് എ. കിഷോർകുമാർ കൊഡ്ഗി പറഞ്ഞു.
കവുങ്ങുകളുടെ മഞ്ഞളിപ്പ് രോഗത്തിന്റെ ആഘാതം താങ്ങാനാവാതെ വിഷമിക്കുന്ന കർഷകരെയും സഹകരണ മേഖലയിലെ വിപണന-സംസ്കരണ സ്ഥാപനത്തെയും ഇത് ബാധിക്കും. കവുങ്ങുകൃഷിയെ ആകെ തകിടംമറിക്കുന്ന ദൂരവ്യാപക പ്രത്യാഘാതം സംഭവിക്കാം എന്ന് അദ്ദേഹം പറഞ്ഞു. കവുങ്ങ് മഞ്ഞളിപ്പ് രോഗം അടക്കവിളവിൽ സൃഷ്ടിച്ച വൻ ഇടിവ് താങ്ങാനാവാതെ ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിൽ ഈ മാസം രണ്ടു കർഷകർ ജീവനൊടുക്കിയിരുന്നു. സുള്ള്യ മർക്കഞ്ചയിലെ നാരായണ നായക് (55), ആലെട്ടിയിലെ ജഗദീഷ് (56) എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.