അധ്യാപകർക്കിടയിൽ തരംഗമായി എ.ഐ ക്ലാസ്
text_fieldsകാസർകോട്: സംസ്ഥാനത്തെ അധ്യാപകർക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ക്ലാസുകൾ തരംഗമാകുന്നു. കൈറ്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. ലാപ്ടോപ്പും സ്മാർട്ട് ഫോണും ഉപയോഗപ്പെടുത്തിയാണ് പരിശീലനം. വിദ്യാർഥികൾക്ക് പഠനം ഏറെ എളുപ്പമാക്കാൻ എ.ഐയുടെ വരവോടെ സഹായമാകുമെന്നാണ് കണക്കുകൂട്ടൽ. അധ്യാപകരുടെ ജോലിഭാരവും കുറക്കാനുതകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർക്കാണ് നിലവിൽ ക്ലാസ് നടക്കുന്നത്. മേയിൽ തുടങ്ങിയ ക്ലാസ് ഇപ്പോഴും തുടരുന്നുണ്ട്.
ആഗസ്റ്റിൽ പരിശീലനം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇടയിൽ വരുന്ന മറ്റ് പരിശീലനങ്ങളും കൂടിയാകുമ്പോൾ ഇത് നീണ്ടുപോയതാണ് കാരണം. പല ബാച്ചുകളായാണ് മൂന്നു ദിവസത്തെ തുടർച്ചയായുള്ള ക്ലാസ്. പിന്നീട്, പ്രൈമറിക്കും ക്ലാസ് കൊടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൈറ്റ് മാസ്റ്റേഴ്സ് ട്രെയിനർമാരാണ് ഇതിനുള്ള പരിശീലനം നൽകുന്നത്. കൈറ്റിന്റെ 14 ജില്ലകളും സഹകരിച്ചുകൊണ്ട് മൊഡ്യൂൾ ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്. സമഗ്ര ടീച്ചേഴ്സ് പോർട്ടലിന്റെ കൂടെ തന്നെയാണ് ഇതിന്റെ പോർട്ടലും. ക്ലാസ് മുറികളിൽ എങ്ങനെ ഇത് ഉപയോഗപ്പെടുത്താമെന്നാണ് പ്രധാനമായും ചർച്ചയാകുന്നത്.
റെസ്പോൺസിബിൾ എ.ഐയാണ് ക്ലാസിനാധാരമാകുന്നത്. വിദ്യാർഥികളിൽ ഇതിന്റെ ദൂഷ്യവശങ്ങളും ഗുണങ്ങളും കൃത്യമായി മനസ്സിലാക്കിയായിരിക്കും അധ്യാപകർ ഇംപ്ലിമെന്റ് ചെയ്യുക. ഇതിനകം തന്നെ അധ്യാപകർക്ക് കൈറ്റ്സ് നടത്തുന്ന പരിശീലനത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതാണ് എ.ഐ പരിശീലന ക്ലാസെന്നും വളരെ മികച്ചൊരനുഭവമാണ് ഈ ക്ലാസുകളെന്നും അധ്യാപകർ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.