എയിംസ്: മുഖ്യമന്ത്രിക്ക് സാംസ്കാരിക പ്രവർത്തകരുടെ കത്ത്
text_fieldsകാസർകോട്: എയിംസിന് കാസർകോട് ജില്ല പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ നൂറോളം എഴുത്തുകാരും കലാകാരന്മാരും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ചികിത്സാരംഗത്ത് ജില്ല അനുഭവിക്കുന്ന അനന്യമായ പരിമിതികൾക്ക് പരിഹാരം കാണാൻ എയിംസിന് കാസർകോട് ജില്ലയെ കൂടി പരിഗണിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എയിംസിന് ഇപ്പോൾ പരിഗണിക്കുന്ന കോഴിക്കോട്ട് മൂന്ന് മെഡിക്കൽ കോളജും പത്തിലധികം സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകളുമുണ്ട്. എന്നാൽ, ഈ സൗകര്യങ്ങളൊന്നുപോലും കാസർകോട് ജില്ലയിലില്ല. ഒരു ട്രോമാകെയർ സെന്ററോ ഒരു ന്യൂറോളജിസ്റ്റോ ഇവിടെയില്ല. രണ്ടര ദശകക്കാലം, ഭരണകൂടത്തിെന്റ അധീനതയിലുള്ള പി.സി.കെ എൻഡോസൾഫാൻ വിഷം തളിച്ചതിെന്റ ഫലമായി ആയിരക്കണക്കിന് കുഞ്ഞുങ്ങളും മുതിർന്നവരും നിത്യദുരിതത്തിലാണ് ഇപ്പോഴും. സർക്കാറുണ്ടാക്കിയ ലിസ്റ്റിൽതന്നെ 6726 ദുരിതബാധിതരുണ്ട്. എന്നാൽ, ജില്ലയിൽ ഇവർക്കൊന്നും മികച്ച ചികിത്സ കിട്ടുന്നില്ല. മതിയായ ചികിത്സ കിട്ടാതെ എത്രയോ പേർ മരിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് മാത്രം കർണാടക അതിർത്തി കൊട്ടിയടച്ചപ്പോൾ 22 പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്.
കേരളത്തിലെ മറ്റേത് ജില്ലയേക്കാളും റവന്യൂ ഭൂമിയുള്ളതും കാസർകോട് ജില്ലയിലാണ്. പി.സി.കെയുടെ അധീനതയിൽതന്നെ 12000 ഏക്കർ ഭൂമിയുണ്ട്. കേന്ദ്ര മെഡിക്കൽ കോളജിന് മാറ്റിവെച്ച 200 ഏക്കർ ഭൂമിയും ഉണ്ട്. അതിനാൽ സ്ഥല ദൗർലഭ്യവും ഇല്ല. കൂടാതെ നാലുവർഷമായി 'എയിംസ് ജനകീയ കൂട്ടായ്മ' എന്നപേരിൽ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ കാസർകോട്ടെ ജനങ്ങൾ സംഘടിച്ച് ഈ ആവശ്യത്തിലേക്കായി നിരന്തരം സമ്മേളനങ്ങളും റാലികളും മാർച്ചുകളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 15ന് സെക്രട്ടേറിയറ്റിനു മുന്നിലും 500ഓളം വരുന്ന കാസർകോട്ടുകാർ മാർച്ച് സംഘടിപ്പിച്ചിരുന്നു.
കാസർകോട്ടെ ജനങ്ങൾ ഒന്നാകെ എയിംസ് ആവശ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആയതിനാൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കാനായി കുഞ്ഞിരാമൻ, സി.വി. ബാലകൃഷ്ണൻ, ലീലാകുമാരിയമ്മ, ഡോ.വൈ.എസ്. മോഹൻ കുമാർ, ശ്രീപദ്രെ, ഡോ. അംബികാസുതൻ മാങ്ങാട്, പി.വി.കെ. പനയാൽ, ഇ.പി. രാജഗോപാലൻ, കാഞ്ഞങ്ങാട് രാമചന്ദ്രൻ, വെള്ളിക്കോത്ത് കെ. വിഷ്ണുഭട്ട്, കെ.എ. ഗഫൂർ, സെന്ന ഹെഗ്ഡേ, സുബൈദ, സുറാബ്, മാങ്ങാട് രത്നാകരൻ, ബാര ഭാസ്കരൻ, പ്രമോദ് രാമൻ, സന്തോഷ് ഏച്ചിക്കാനം, രാധാകൃഷ്ണൻ പെരുമ്പള, വത്സൻ പിലിക്കോട് തുടങ്ങിയവർ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.