എയിംസ്: സെക്രട്ടേറിയറ്റ് സമരാവേശവുമായി നാട്
text_fieldsകാസർകോട്: എയിംസ് സമരം തലസ്ഥാന നഗരിയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കം സജീവം. ഡിസംബർ 15ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും. ജില്ലയിൽനിന്ന് മാത്രം 300പേർ ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കി.
എയിംസിനായി മാസങ്ങൾക്കുമുമ്പ് കാസർകോട്ട് തുടങ്ങിയ സമരം ആദ്യമായാണ് ജില്ലക്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നത്. കേന്ദ്രം അനുവദിക്കുന്ന എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കുന്നതിന് സർക്കാർ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കാസർകോട് എയിംസ് ജനകീയ കൂട്ടായ്മ സമരം ശക്തമാക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.
കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തി സംസ്ഥാനം പുതിയ പ്രപ്പോസൽ നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ജില്ലയിലെ അഞ്ച് എം.എൽ.എമാരും ഒപ്പിട്ട നിവേദനം നേരത്തേ സർക്കാറിന് നൽകിയെങ്കിലും അത് പരിഗണിച്ചിരുന്നില്ല. തുടർന്ന് പദയാത്ര, ബഹുജന റാലി തുടങ്ങി ഒട്ടേറെ പരിപാടികളുമായി ജനകീയ കൂട്ടായ്മ മാസങ്ങളായി സമരരംഗത്തുണ്ട്.
സെക്രട്ടേറിയറ്റ് മാർച്ചിൽ കാസർകോട് ജില്ലക്കാരായ 500 പേരെയാണ് പങ്കെടുപ്പിക്കുകയെന്ന് കൂട്ടായ്മ കൺവീനർ നാസർ ചെർക്കളം പറഞ്ഞു. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിക്കുന്ന മാർച്ച് 11 മുതൽ സെക്രട്ടേറിയറ്റ് നടയിൽ സംഗമിക്കും.
പരിപാടിയിലേക്ക് നേരിട്ട് ക്ഷണിക്കുന്ന കാമ്പയിനാണ് ജില്ലയിൽ ഇപ്പോൾ നടക്കുന്നത്. മുൻ മന്ത്രിമാർ, എം.പി, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ക്ഷണിച്ചു. കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, മുസ്ലിം ലീഗ്, സി.പി.ഐ, ഐ.എൻ.എൽ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാർട്ടികൾക്കും ക്ഷണക്കത്ത് നൽകി. കാമ്പയിന് സിസ്റ്റർ ജയ ആേൻറാ മംഗലത്ത്, ആനന്ദൻ പെരുമ്പള, റാംജി തണ്ണോട്ട്, സലീം ചൗക്കി, ശരീഫ് മുഗു, ജസി മഞ്ചേശ്വരം, ഹമീദ് ചേരൈങ്ക, സുലൈഖ മാഹിൻ, ഹക്കീം ബേക്കൽ, നാസർ ചെർക്കളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.