പ്രതിഷേധത്തിനിടെ ജില്ലയിൽ കർണാടക മദ്യവിൽപന വ്യാപകം
text_fieldsകാസർകോട്: മദ്യനയത്തിലെ പ്രതിഷേധം തുടരുന്നതിനിടെ ജില്ലയിൽ കർണാടക മദ്യവിൽപന സജീവം. ബിയറും വൈനും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിൽ പോലും വിൽക്കാൻ അനുമതി നൽകുന്നതാണ് സർക്കാറിന്റെ പുതിയ മദ്യനയം. ഒപ്പം, വിനോദസഞ്ചാരമേഖലകളിലെ റസ്റ്റാറന്റുകളിൽ ബിയറും വൈനും വിളമ്പും. സർക്കാറിന്റെ ഇത്തരത്തിലുള്ള മദ്യനയങ്ങൾക്കെതിരെ മദ്യവിരുദ്ധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടയിലാണ് ജില്ലയിലേക്ക് കർണാടകയിൽനിന്നുള്ള മദ്യക്കടത്ത്. ജില്ലയിലേക്ക് കൂലിവേലക്കായി ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തൊഴിലാളികളാണ് മദ്യമെത്തിക്കുന്നതെന്ന് പറയുന്നു. എന്നാൽ, ഇവർ ഇടനിലക്കാർ മാത്രമാണെന്നും ജില്ലയിലെ ചില പെട്ടിക്കടകൾ കേന്ദ്രീകരിച്ചാണ് വിൽപന എന്നും പറയുന്നുണ്ട്.
ഗ്രാമീണമേഖലകളിലൊക്കെ ഇത്തരത്തിൽ മദ്യവിൽപന സജീവമാണ്. കുമ്പളയിൽ പൊലീസ് സ്റ്റേഷൻ മൂക്കിനുതാഴെ സ്കൂൾ റോഡിലാണ് വിൽപന എന്ന് പരാതിയുണ്ട്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും വിൽപനയുണ്ട്. ജില്ല അതിർത്തിയിലുള്ള കർണാടകയിലെ ചില ബാറുകളിൽനിന്നാണ് യഥേഷ്ടം ഇത്തരത്തിലുള്ള മദ്യം ജില്ലയിലെത്തിക്കുന്നത്. മദ്യക്കച്ചവടത്തിനെതിരെ പൊലീസും, എക്സസൈസും ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.