എഫ്.എം: പ്രതീക്ഷിച്ചത് പൊതുനിലയം; കിട്ടിയത് സ്വകാര്യ നിലയം
text_fieldsകാസർകോട്: വടക്കേ മലബാറിന്റെ സാംസ്കാരിക സ്പന്ദനത്തിന് ശബ്ദമാധുര്യം നൽകാൻ കാഞ്ഞങ്ങാട് റേഡിയോ നിലയം വേണമെന്ന കാലങ്ങളുടെ പഴക്കം പൂർത്തിയാക്കിയത് സ്വകാര്യ നിലയം അനുവദിച്ചുകൊണ്ട്. പ്രതീക്ഷിച്ചത് ആകാശവാണിയുടെ റേഡിയോ പ്രക്ഷേപണ നിലയമാണ്. എന്നാൽ, ലഭിച്ചത് സ്വകാര്യ നിലയവും. വരുമാനം ലഭിക്കുന്ന ഉള്ളടക്കങ്ങൾക്ക് മാത്രം രൂപം നൽകുന്ന സ്വകാര്യ നിലയങ്ങൾ ശ്രോതാക്കൾ കുറവുള്ള ജനകീയ സാംസ്കാരിക പ്രശ്നങ്ങൾ ഏറ്റെടുക്കാറില്ല എന്നതുകൊണ്ടാണ് ആകാശവാണി നിലയം വേണമെന്ന വാദം ഉയർന്നത്. ആകാശവാണിയുടെ നിലയങ്ങൾ ഉള്ളിടത്ത് സ്വകാര്യ എഫ്.എം. നിലയങ്ങൾക്ക് അനുമതി നൽകാമെന്നായിരുന്നു ചട്ടം. അതിൽ ഭേദഗതിവരുത്തിയാണ് ഇപ്പോൾ മൂന്ന് എഫ്.എം നിലയങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. കാഞ്ഞങ്ങാട് ട്രാൻസ്മിറ്റർ കേന്ദ്രമാണുള്ളത്. പ്രക്ഷേപണ നിലയമില്ലാതെ ഇവർ എങ്ങനെ എഫ്.എം നടത്തുമെന്നത് ചോദ്യ ചിഹ്നമാണ്.
സ്വകാര്യമേഖലക്ക് സർക്കാർ ചെലവിൽ നിലയം നിർമിക്കുമെങ്കിൽ ആകാശവാണിക്ക് എഫ്.എം തുടങ്ങിയാൽ പോരേ എന്ന ചിന്ത ശക്തമാണ്. കേരളത്തിൽ 18 എഫ്.എം നിലയങ്ങളാണ് ഉള്ളത്. ആദ്യം ആരംഭിച്ചവയിൽ നാലെണ്ണം നഷ്ടത്തിലായതുകൊണ്ട് നിർത്തലാക്കിയിരിക്കുകയാണ്. മറ്റുള്ളവർ അഭിമാന പ്രശ്നമായതിനാൽ കൊണ്ടുനടക്കുന്നു. വേറെ ചിലർ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായും സ്വകാര്യ എഫ്.എം നിലയങ്ങളെ ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ചുരുക്കത്തിൽ സ്വകാര്യ എഫ്.എം നിലയങ്ങൾ കേരളത്തിൽ എവിടെയും ലാഭകരമല്ല. 2007ലാണ് ആദ്യ സ്വകാര്യ എഫ്.എം കേരളത്തിൽ ആരംഭിക്കുന്നത്. ലാഭകരമായ എഫ്.എം നിലയങ്ങൾ ആകാശവാണിക്കുമാത്രമാണുള്ളത്. ആകാശവാണിയുടെ കൊച്ചി എഫ്.എമ്മിന് അഞ്ചുകോടി വാർഷിക ലാഭം ഉണ്ടായിട്ടുണ്ട്. മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു കോടിയിൽപരം ലാഭമുണ്ട്. ശ്രോതാക്കൾ ഏറ്റവും കൂടുതലുള്ളത് ആകാശവാണി എഫ്.എമ്മിനായിരിക്കുകയും പുതിയ സാങ്കേതികവിദ്യ വഴി ചെലവുചുരുങ്ങിയ നിലയിൽ പൊതുമേഖലയിൽ തന്നെ എഫ്.എം തുടങ്ങാനുമാകുമെന്നിരിക്കെ നഷ്ടം സഹിച്ചും സ്വകാര്യ എഫ്.എമ്മിന് സംരംഭകർ മുന്നോട്ടുവരുന്നതിൽ ദുരൂഹത കാണുന്നവരുണ്ട്.
എഫ്.എമ്മുകൾ ലേലത്തിലാണ് നൽകുന്നത്. ഇതുവഴി സർക്കാറിന് ലാഭമുണ്ട്. ഒരു കോടിക്കുമുകളിലാണ് ലേലം വിളിച്ചെടുത്തിട്ടുള്ളത്.ബഹുഭാഷ സംഗമ ഭൂമിയിൽ എന്നൊക്കെ പറഞ്ഞാണ് എഫ്.എം അനുവദിക്കുന്നത് എങ്കിലും വ്യാപാര താൽപര്യമാണെങ്കിൽ ഒരു ഭാഷക്ക് അപ്പുറം എഫ്.എം പോകില്ല എന്ന് വിദഗ്ധർ പറയുന്നു.
ശ്രോതാക്കളുടെ രുചിഭേദങ്ങൾ തിരിച്ചറിയണം
വാസ്തവത്തിൽ ജില്ലയിലെ ജനങ്ങൾ ആഗ്രഹിച്ചത് ആകാശവാണി എഫ്.എം. നിലയമായിരുന്നു. കണ്ണൂർ എഫ്.എം നിലയത്തെ പോലെ സ്റ്റുഡിയോ സംവിധാനങ്ങളുള്ള സ്വതന്ത്ര നിലയം. വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും ബഹുസ്വര ഭൂമികയായ കാസർകോട് പ്രദേശത്തിന്റെ വൈവിധ്യമാർന്ന സംസ്കൃതി പ്രതിഫലിപ്പിക്കാൻ പോന്നതാകട്ടെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന സ്വകാര്യ എഫ്.എം. റേഡിയോ നിലയങ്ങൾ. കണ്ണൂർ ആകാശവാണി നിലയത്തിന്റെ കേവലം അനുകരണ മാതൃകയിലാവരുത് നിർദിഷ്ട നിലയങ്ങൾ. ശ്രോതാക്കളുടെ രുചി ഭേദങ്ങൾക്കനുസൃതമായി അനന്ത സാധ്യതകൾ തുറന്നു കിടക്കുന്നുണ്ട്. അത് കാര്യക്ഷമമായും ഫലപ്രദമായും ചൂഷണം ചെയ്യാൻ സാധിക്കുമ്പോൾ മാത്രമേ നിർദിഷ്ട നിലയങ്ങൾക്ക് പൊതുസ്വീകാര്യത ലഭിക്കൂ. ഇക്കാലമത്രയായും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത കലയുടെയും സംസ്കാരത്തിന്റെയും ചോദനകളുടെയും ഒരു ഖനിയാണ് ഈ ഭൂവിഭാഗം. നിലയത്തിന്റെ നടത്തിപ്പുകാർ ഇതെല്ലാം ഗൗരവപൂർവം കണക്കിലെടുക്കണം.
വി.വി. പ്രഭാകരൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ
കാഞ്ഞങ്ങാട് സാങ്കേതിക പ്രശ്നമുണ്ട്
നിലവില്‍ ആകാശവാണി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളില്‍ മാത്രമാണ് നിലയങ്ങള്‍ അനുവദിക്കപ്പെട്ടത്. ആകാശവാണിയുടെ ടവറിലൂടെയാണ് സ്വകാര്യ നിലയങ്ങള്‍ പ്രക്ഷേപണം നടത്തുന്നത്. കാഞ്ഞങ്ങാട് ലഭിക്കുന്ന നിലയങ്ങൾ എങ്ങനെ ഈ സാങ്കേതിക പരിമിതികളെ മറികടക്കും എന്ന ആശങ്കയുണ്ട്. വര്‍ഷങ്ങളായി കാസര്‍കോടിന് ഒരു ആകാശവാണി നിലയം വേണം എന്ന മുറവിളിയുയരുന്നുണ്ട്. അതിന്മേല് അനുകൂലമായ നടപടികളുണ്ടായതായി കാണുന്നില്ല. വിനോദ നിലയങ്ങളായതു കൊണ്ട് സംഗീതത്തിനും നഗര വിശേഷങ്ങള്‍ക്കുമാണ് സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍ പ്രാമുഖ്യം നല്‍കുക. നാടന്‍ കലകള്‍ക്കും പാട്ടുകള്‍ക്കും വേണ്ടത്ര പരിഗണന നല്‍കുമെന്ന് കരുതാനാവില്ല. കാസര്‍കോടിന്റെ തനിമ വിളിച്ചോതുന്ന വിധത്തിലുള്ള പരിപാടികള്‍ അതിനാല്‍ത്തന്നെ പ്രതീക്ഷിക്കുന്നുമില്ല.
എന്‍. വിനീത് കുമാര്‍ (റേഡിയോ സംഘടനയായ കാഞ്ചീരവം കലാവേദി കോഓഡിനേറ്റര്‍)
വേണ്ടത് ആകാശവാണിയുടെ സ്റ്റേഷൻ
230 ലധികം ചെറുകിട നഗരങ്ങളിൽ സ്ഥാപിക്കുന്ന എഫ്.എം. റേഡിയോ കേന്ദ്രങ്ങളിൽ കാഞ്ഞങ്ങാടുമുണ്ട് എന്ന് കേട്ടപ്പോൾ ആഹ്ലാദിച്ചവരിൽ ഞാനും ഉണ്ട്. രണ്ടു മൂന്നു ദശകങ്ങളായി നിരന്തരം ഇതിനുവേണ്ടി ജനപ്രതിനിധികളെ ബന്ധപ്പെട്ടയാളാണ് താൻ. ഏറ്റവും അവസാനമായി നിലവിലെ എം.പിയോടുംകാര്യമുണർത്തിയിരുന്നു. എന്നാൽ ഇപ്പോൾ കാഞ്ഞങ്ങാട് വരാൻപോകുന്നത് സവകാര്യ എഫ്.എം് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. സ്വകാര്യ എഫ്.എം ഇവിടുത്തെ വൈവിധ്യമാർന്ന സംസ്കൃതിയെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയണം. അവർ ഇപ്പോഴും അതിനെ എങ്ങനെ ലാഭകരമാക്കും എന്നതിനെ കുറിച്ചല്ലേ ചിന്തിക്കൂ. നാം മറ്റു എഫ്.എം. സ്റ്റേഷനുകളിൽ അനുഭവിക്കുന്നതാണത്. ഏറെ ശ്രോതാക്കളുള്ള സിനിമാ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി ആവോളം പരസ്യങ്ങൾ കയറ്റുക.
ഇന്ന് പഴയ പോലെയല്ല. ലോകത്തിലെ ഏതു സ്റ്റേഷനും മൊബൈലിലൂടെ എവിടെ വെച്ചും കേൾക്കാൻ സാധ്യമാകുന്നത് കൊണ്ട് റേഡിയോക്ക് എണ്ണമറ്റ ശ്രോതാക്കളുണ്ട്. അവരിൽ പഴയ തലമുറക്കാർ മാത്രമല്ല ഉള്ളത്. യുവ തലമുറയുടെ ഭാഗത്തുനിന്നും ഏറെ. ഇത് റേഡിയോ പതിവായി കേൾക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാനാവും. നേരത്തെ പറഞ്ഞ ഈ വ്യത്യസ്ത സംസ്കൃതിയോടിഴുകി ചേരുന്ന ഒരു റേഡിയോ നിലയമാണ് ഈ ജില്ലയിലും പാലക്കാടും സ്ഥാപിതമാകേണ്ടത്. അത് സർക്കാർ തലത്തിൽ വരുന്നതുതന്നെയാണ് അഭികാമ്യം.
എ.എസ്. മുഹമ്മദ് കുഞ്ഞി എഴുത്തുകാരൻ
കലാകാരൻമാർക്കും എഴുത്തുകാർക്കും നേട്ടമുണ്ടാകില്ല
ആകാശവാണി, കമ്യൂണിറ്റി റേഡിയോ എന്നിവ പോലെ സ്വകാര്യ എഫ്.എമ്മുകളിൽ സാംസ്കാരിക, വികസന, പൈതൃക, പൊതുവിഷയങ്ങൾ പ്രതിഫലിക്കില്ല. കലാകാരൻമാർക്കും എഴുത്തുകാർക്കും ഒരു നേട്ടവുമുണ്ടാവില്ല. പൂർണമായും കൗമാരക്കാർക്കുള്ള വിനോദ പരിപാടിയായിരിക്കും അവ. യുവാക്കളെ ലക്ഷ്യമാക്കിയുള്ള ചലച്ചിത്ര ഗാന പരിപാടികളും ഉണ്ടാകും. സ്വകാര്യ എഫ്.എം. നിലയങ്ങൾക്ക് പൊതു താൽപര്യമില്ല. പൊതുമേഖലയിലെ വിവരങ്ങൾ പോലും നൽകണമെന്നില്ല. നഗര വിശേഷങ്ങൾ എന്ന നിലയിൽ നൽകുന്നത് ഒട്ടും ആധികാരികമല്ല.
ഡി. പ്രദീപ് കുമാർ (ആകാശവാണി റിട്ട. അസി.ഡയറക്ടർ, പ്രക്ഷേപണ ചരിത്രകാരൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.