നിക്ഷേപം തിരികെ നൽകിയില്ല; ആരോപണവുമായി സഹകാരികൾ
text_fieldsവെള്ളരിക്കുണ്ട് (കാസർകോട്): ചിറ്റാരിക്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ല സഹകരണ റബർ മാർക്കറ്റിങ് സൊസൈറ്റിക്കെതിരെ ആരോപണമുന്നയിച്ച് നിക്ഷേപകർ. 200ഓളം സഹകാരികളുടെ 12 കോടിയിലധികം നിക്ഷേപം തിരികെ നൽകിയില്ലെന്നാണ് പരാതി. കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതിക്കെതിരെയാണ് ആരോപണം .
ചീമേനിയിലെ ബാബു 2016ൽ എട്ട് ലക്ഷം രൂപ സൊസൈറ്റിയുടെ ചീമേനി ഡിപ്പോയിൽ നിക്ഷേപിച്ചു. 2017ൽ പലിശ നൽകി. അതിനുശേഷം പണം ആവശ്യപ്പെട്ടപ്പോൾ തിരിച്ചുനൽകിയില്ല എന്നുമാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിക്കുന്നു.
ഭീമനടിയിലെ വാരണത്ത് ജോസഫ് 2012, '13, '14 വർഷങ്ങളിലായി ഏഴ് ലക്ഷം രൂപ നിക്ഷേപിച്ചു. ഇതേ സൊസൈറ്റിയുടെ മാങ്ങോട് സെൻട്രൽ ഗോഡൗണിൽ ജോലി ചെയ്തിരുന്ന ആളാണ് ഇദ്ദേഹം. ഭീമനടിയിലെ മഠത്തിപ്പറമ്പിൽ ബേബി ഒമ്പതു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അവരുടെ വരുമാനവും മകനെ ലണ്ടനിൽ അയക്കാൻ ലോണെടുത്ത പണവുമാണ് നിക്ഷേപിച്ചത്. ഇപ്പോൾ പണം ആവശ്യപ്പെടുമ്പോൾ ശകാരവും ഭീഷണിയുമാണെന്ന് അദ്ദേഹം പറയുന്നു. ഇനിയും പണം ലഭിച്ചില്ലെങ്കിൽ നിരാഹാരസമരമടക്കമുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് വെള്ളരിക്കുണ്ടിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ജോസഫ് വാരണത്ത്, ബാബു ചീമേനി, കെ. കൃഷ്ണൻ, ബേബി മഠത്തിപ്പറമ്പിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.