യുദ്ധഭൂമിയിൽനിന്ന് ആമിന നിദയും വീട്ടിലെത്തി
text_fieldsനീലേശ്വരം: യുദ്ധഭൂമിയിൽനിന്ന് നീലേശ്വരം കോട്ടപ്പുറത്തെ ആമിന നിദ വീട്ടിലെത്തി. 2021 ഡിസംബർ 12നാണ് കോട്ടപ്പുറത്തെ നിസാർ-സബിത ദമ്പതികളുടെ മകൾ ആമിന നിദ മെഡിസിൻ മോഹവുമായി യുക്രെയ്നിലെ പിറോഗോ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പഠനം ആരംഭിച്ചത്. എന്നാൽ, പഠനം രണ്ടുമാസം കഴിയുന്നതിനിടയിൽ യുദ്ധം ആരംഭിച്ചു.
കിയവിൽനിന്ന് ബോംബ് വർഷിക്കുന്ന ശബ്ദവും തീനാളവും കൊടുമ്പിരിക്കൊള്ളുമ്പോൾ നിദയടങ്ങുന്ന 60ഓളം മലയാളി വിദ്യാർഥികൾ അപകട സൈറൺ കേൾക്കുമ്പോൾ പ്രാണരക്ഷാർഥം യൂനിവേഴ്സിറ്റിയുടെ ബങ്കറിൽ അഭയം പ്രാപിക്കും. പിന്നീട് അൽപം ശാന്തമായാൽ ഹോസ്റ്റലിൽ തിരിച്ചെത്തും. വീണ്ടും അപകട സൈറൺ കേട്ടാൽ ഓടി ബങ്കറിലെത്തും. ഇങ്ങനെ ഒരാഴ്ച ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് ബങ്കറിൽ കഴിഞ്ഞ കഥകൾ പറയുമ്പോൾ നിദയുടെ മുഖത്ത് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല.
സ്പെഷൽ ബസിൽ എട്ട് മണിക്കൂർ കഠിനയാത്രയിൽ റുമാനിയയിലേക്ക്. അതിർത്തി കടക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്നു. മണിക്കൂറുകളോളം ഭക്ഷണവും ഉറക്കവുമില്ലാതെ ദുരിതം സഹിച്ച് ഒടുവിൽ റുമാനിയയിലെത്തി. ഇവിടത്തെ സർക്കാർ, മെഡിക്കൽ പരിശോധനയും വെള്ളവും ഭക്ഷണവും നൽകിയതും താമസിക്കാൻ ടെൻറ് കെട്ടിത്തരുകയും ചെയ്തത് ഏറെ ആശ്വാസമായി. മാർച്ച് അഞ്ചിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി വാഹനത്തിൽ കോട്ടപ്പുറത്തെ വീട്ടിലെത്തിയപ്പോഴാണ് ആമിന നിദയുടെ ശ്വാസം നേരെയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.