‘കിളികൊഞ്ചലിൽ’ കുട്ടികൾ വെയിലേറ്റു വാടി; ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsകാസർകോട്: ചെമ്മനാട് പഞ്ചായത്ത് അംഗൻവാടി കലോത്സവത്തിൽ കുട്ടികളെ വെയിലത്ത് നിർത്തി മത്സരങ്ങൾ നടത്തിയതിൽ ബാലാവകാശ കമീഷൻ കേസെടുത്തു. ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, ജില്ല പ്രോഗ്രാം ഓഫിസർ, ജില്ല കലക്ടർ എന്നിവർക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി കമീഷൻ അംഗം അഡ്വ. പി.പി ശ്യാമളാദേവി അറിയിച്ചു.
ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ കലോത്സവമാണ് നടന്നത്. അതിൽ 45 അംഗൻവാടികളിൽ നിന്നും കുട്ടികൾ എത്തുമെന്ന് അറിയാമായിരുന്നിട്ടും നൂറുപേർക്കിരിക്കാവുന്ന ഷാമിനയിട്ട പന്തലാണ് ഒരുക്കിയത്. ഇത് കുട്ടികളോടുള്ള ക്രൂരതയാണ്. അതുകൊണ്ടാണ് നടപടിയെന്ന് ശ്യാമളാദേവി പറഞ്ഞു.
പറഞ്ഞത് ഓഡിറ്റോറിയം; നടന്നത് ഷാമിനയിട്ട പന്തലിൽ
അംഗൻവാടി കുട്ടികളുടെ കലോത്സവം നടത്താൻ തീരുമാനിച്ച് നോട്ടിസിൽ വെച്ചത് സ്വകാര്യ ഓഡിറ്റോറിയത്തിൽ. എന്നാൽ നടന്നത് ഓഡിറ്റോറിയത്തിനു സമീപത്ത് ഷാമിനയിട്ട് നിർമിച്ച പന്തലിൽ. പന്തലിനകത്ത് നൂറുപേർക്ക് ഇരിക്കാം.
ബാക്കിവരുന്ന രക്ഷിതാക്കളും കുട്ടികളും പൊരിവെയിലിൽ നിന്നു. 45 അംഗൻവാടികളിൽ നന്നാണ് കുട്ടികൾ എത്തേണ്ടത്. രക്ഷിതാക്കൾ ഉൾപ്പെടെ എത്തിയാൽ 2000 പേർ കവിയും. ഇവർക്കായിട്ടാണ് 100പേർക്ക് ഇരിക്കാവുന്ന പന്തൽ ഒരുക്കിയത്. 500പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം കോളിയടുക്കത്ത് രണ്ടെണ്ണമുണ്ട്. പഞ്ചായത്തിന്റെ അധീനതയിലാണ് രണ്ടും.
പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്താവുന്ന വാഹന സൗകര്യമുള്ള സ്ഥലം ചെമ്മനാട് പഞ്ചായത്തിന്റെ ഏതാണ്ട് മധ്യഭാഗത്താണ്. ഇതൊന്നും പരിഗണിക്കാതെയാണ് തട്ടിക്കൂട്ട് പരിപാടി നടത്തിയത്. ഒരു കുട്ടി തളർന്നുവീണ് ആശുപത്രിയിലാണെന്നും പറയുന്നുണ്ട്.
കുരുന്നുകളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്ന കലോത്സവം പഞ്ചായത്തടിസ്ഥാനത്തിൽ കിളിക്കൊഞ്ചൽ എന്ന പേരിലാണ് നടന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും കാണികളും ഉൾപ്പെടെ വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.