ഹിന്ദുസ്ഥാനി സ്കൂളിൽ ഉർദു അധ്യാപക നിയമനം വൈകും
text_fieldsകാസർകോട്: ഒന്നാം ക്ലാസ് മുതൽ ഉർദു പഠിപ്പിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമായ മഞ്ചേശ്വരം മംഗൽപാടി പഞ്ചായത്തിലെ കുർച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്കൂളിൽ ഉർദു അധ്യാപക നിയമനം ഇനിയും വൈകും. ഉർദു അധ്യാപകരില്ലാതെ നാലുവർഷം പിന്നിട്ടെങ്കിലും അത് പരിഹരിക്കൽ വൈകുമെന്നാണ് വിവരം. നിയമന ശിപാർശയും ഉത്തരവും ലഭിച്ചവർക്ക് നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും ആ പട്ടികയിലും ഈ സ്കൂളിലേക്ക് ഉർദു അധ്യാപകരില്ല.
ജൂലൈ 15ന് രണ്ട് അധ്യാപകരാണ് സ്കൂളിൽ പുതുതായി എത്തുന്നത്. യു.പി.എസ്.എ കന്നഡ മീഡിയത്തിലാണ് ഈ രണ്ടു നിയമനവും. ഒഴിഞ്ഞുകിടക്കുന്ന പ്രഥമാധ്യാപക തസ്തികയിലേക്കും നിയമനമായില്ല. സ്ഥിരാധ്യാപക നിയമനം നടക്കാത്തതിനാൽ ഉർദു വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ഇൗ വർഷവും മുടങ്ങുെമന്ന് ഉറപ്പായി. സ്കൂൾ തുറക്കുകയാണെങ്കിൽ മാത്രമേ ദിവസക്കൂലിക്ക് അധ്യാപകനെ നിയമിക്കാൻ കഴിയുകയുള്ളൂ. കോവിഡ് കാരണം അടച്ചിട്ടതിനാൽ കഴിഞ്ഞവർഷം സ്കൂളിൽ ഉർദു അധ്യാപകനെ താൽക്കാലികമായി നിയമിക്കാൻ കഴിഞ്ഞിരുന്നില്ല. കന്നഡ, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ ഏഴുവരെ ക്ലാസുകളാണ് ഇവിടെയുള്ളത്. പ്രഥമാധ്യാപകൻ ഉൾപ്പെടെ 18 അധ്യാപകർ വേണ്ടിടത്ത് ഏഴുപേർ മാത്രമാണുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി പുതുതായി രണ്ടുപേർ ഈമാസം നിയമനം നേടുന്നുണ്ടെങ്കിലും അറബിക്കിലുള്ള ഒരാൾ ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചുപോകുന്നുണ്ട്. ഫലത്തിൽ അധ്യാപക ഒഴിവ് പഴയപടി തുടരും.
സംസ്ഥാനത്തെ ഉർദു ഗ്രാമമായ ഉപ്പളയിലെ ഹനഫികളാണ് സ്കൂൾ നടത്തിയിരുന്നത്. 1890ൽ സ്ഥാപിച്ച ഹിന്ദുസ്ഥാനി യു.പി സ്കൂൾ പിന്നീട് സർക്കാറിന് കൈമാറിയതിനു ശേഷമാണ് ഗവ. ഹിന്ദുസ്ഥാനി സ്കൂൾ ആയത്. ഹനഫി പള്ളി പരിപാലന കമ്മിറ്റിയുടെ സ്കൂൾ സർക്കാറിനു കൈമാറിയെങ്കിലും ഒന്നാം ക്ലാസ് മുതൽ ഉർദു ഒന്നാം ഭാഷ പഠനം നിലനിന്നു. ഉർദു സംസാരിക്കുന്ന കുട്ടികളുണ്ടായിട്ടും ഉർദു അധ്യാപകനില്ലാത്തത് 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.