ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsകാസർകോട്: നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആകെ 490 പദ്ധതികളില്‍ 286 എണ്ണം പുതിയ പദ്ധതികളാണ്. ജില്ലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ ഉണ്ടാക്കുന്നതിലെ അപര്യാപ്തത പരിഹരിക്കാനും ഭിന്നശേഷി സൗഹൃദ ജില്ലയാക്കാനും മറ്റും ബൃഹദ് പദ്ധതികളാണ് ജില്ല പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്.
ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ നിര്‍മിക്കുന്നതിന് പത്ത് ലക്ഷം രൂപ ചെലവില്‍ ചക്ക കണ്‍സോർട്ട്യത്തിന് രൂപം നല്‍കും. ഒപ്പം പത്ത് ലക്ഷം രൂപ ചെലവില്‍ നേന്ത്രക്കായ മൂല്യവര്‍ധിത ഉൽപാദന സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കും. പഴം, പച്ചക്കറി സംസ്‌കരണത്തിന് ശീതീകരണ സംവിധാനം ഒരുക്കും. ഭിന്നശേഷി സൗഹൃദ സമീപനത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ ജില്ലയാക്കാന്‍ വിശദ വിവര റിപ്പോര്‍ട്ട് തയാറാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വനിതകളായ രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കും.
ആരോഗ്യ മേഖലയില്‍ ജില്ല ആശുപത്രിയില്‍ കാന്‍സര്‍ ലാബ് സജ്ജീകരിക്കും. ജില്ല ആശുപത്രിക്ക് സ്ഥലം വാങ്ങും. വനിത ഫിറ്റ്നെസ് സെന്റര്‍ യോഗ പരിശീലന കേന്ദ്രം ആരംഭിക്കും. ജില്ല പഞ്ചായത്ത് എട്ട് നൂതന പദ്ധതികള്‍ നടപ്പുവര്‍ഷം നടപ്പിലാക്കും. അന്തര്‍ ദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കും. സേനകളില്‍ ജോലി തേടുന്ന പട്ടിക ജാതിക്കാര്‍ക്ക് കായിക പരിശീലനം നല്‍കും. ചെങ്കല്ല്, പാള പ്ലേറ്റ് നിര്‍മാണത്തിന് ധനസഹായം നല്‍കും. മെഡിക്കല്‍ എൻജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിനും മൂല്യവർധിത ഉൽപന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കും. കുളം, പള്ളം നവീകരണത്തിനായി സരോവരം പദ്ധതിക്ക് മുന്‍ഗണന നല്‍കും. കയ്യൂര്‍ ചീമേനി, കിനാനൂര്‍-കരിന്തളം, പിലിക്കോട്, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ ഗ്രാമീണ ചന്തകള്‍ സ്ഥാപിക്കുന്നതിന് വിശദ വിവര റിപ്പോര്‍ട്ട് തയാറാക്കും. ജില്ല വ്യവസായ കേന്ദ്രത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റല്‍ സാക്ഷരത പദ്ധതിക്കും ട്രാന്‍സ്ജെന്‍ഡര്‍ തൊഴില്‍ പരിശീലനത്തിനും ഭിന്നശേഷി, വനിത വിഭാഗത്തിന്റെ വികസനത്തിനും ക്രാഫ്റ്റ് വില്ലേജ് രൂപവത്കരിക്കുന്നതിനും പ്രത്യേകം പദ്ധതികള്‍ തയാറാക്കും. ജില്ല ആസൂത്രണ സമിതി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ വാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശം നല്‍കി. ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, വി.വി. രമേശന്‍, കെ.പി. വത്സലന്‍, ജോമോന്‍ ജോസ്, സി.ജെ. സജിത്ത്, കെ.ശകുന്തള തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.