കലോത്സവങ്ങൾ വിളിച്ചോതുന്നത് ഇന്ത്യയുടെ സംസ്കാരം -സ്പീക്കർ എ.എൻ. ഷംസീർ
text_fieldsകാറഡുക്ക: ഇന്ത്യയുടെ സംസ്കാരമാണ് സ്കൂൾ കലോത്സവങ്ങളിൽ കാണാൻ കഴിയുകയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. കാറഡുക്കയിൽ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ല സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷകൾ, മതങ്ങൾ, നൃത്തം, സംഗീതം, വാസ്തുവിദ്യ, ഭക്ഷണം, ആചാരങ്ങൾ എന്നിവ രാജ്യത്തിനുള്ളിൽ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്.
ഭാഷാവൈവിധ്യമുള്ള ഇന്ത്യയിൽ ഉത്ഭവിച്ചതോ അതുമായി ബന്ധപ്പെട്ടതോ ആയ സാമൂഹിക മാനദണ്ഡങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പൈതൃകമാണ് ഇന്ത്യൻ മതനിരപേക്ഷതയെന്നും ഷംസീർ പറഞ്ഞു. സ്ത്രീതന്നെ ധനമാണ്. മറ്റൊരു ധനം ചോദിക്കുന്നത് ഉണ്ടാവരുതെന്ന് നമ്മൾ പഠിപ്പിക്കണം. ലഹരികളുടെ അടിമകളാകുന്ന കുട്ടികളെ നമുക്ക് തടയാനാവണം. എന്തിനും ഏതിനും വിവാദങ്ങൾ ഉണ്ടാക്കി അതിന്റെ പിറകിൽ പോകുന്നതുമാത്രം പോരാ. എപ്ലസ് കിട്ടിയ കുട്ടിക്ക് പേര് എഴുതാൻ അറിയില്ലെന്ന പരിഹാസം വിദ്യാഭ്യാസ വകുപ്പിനെയും അധ്യാപകരെയും താറടിക്കുന്നതിന് തുല്യമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അശ്രഫ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മറ്റു ജന പ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതവും പ്രധാനാധ്യാപകൻ എം. സഞ്ജീവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.