എൻ.ഐ.എ കേസിൽ അസം സ്വദേശി കാഞ്ഞങ്ങാട്ട് പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: എൻ.ഐ.എ കേസിലെ പ്രതിയായ അസം സ്വദേശിയെ കാഞ്ഞങ്ങാട്ടുനിന്ന് പിടികൂടി. എം.ബി. ഷാബ്ഷേഖിനെയാണ് (32) ബുധനാഴ്ച പുലർച്ച നാലോടെ പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽനിന്ന് എൻ.ഐ.എ സംഘവും അസം പൊലീസ് ടാസ്ക് ഫോഴ്സും ചേർന്ന് പിടികൂടിയത്. അസമിൽ യു.എ.പി.എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലെത്തിയതെന്നാണ് കരുതുന്നത്.
ഒരുമാസം മുമ്പ് പടന്നക്കാടെത്തിയ യുവാവ് തേപ്പ്, പെയിന്റിങ് ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും താമസിച്ചതായാണ് വിവരം. അടുത്തകാലത്താണ് കാസർകോട് ജില്ലയിലെത്തിയത്. ഉദുമ, പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായും പറയുന്നു. ബംഗ്ലാദേശുകാരനാണോ എന്ന സംശയത്തിൽ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. അസം പൊലീസും എൻ.ഐ.എയും നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. യുവാവിനെതിരെ വ്യാജ പാസ്പോർട്ട് കേസ് ഉൾപ്പെടെയുണ്ട്.
ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ യുവാവിനെ പിന്നീട് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. മൂന്നു സഹോദരങ്ങളും മാതാവും ബംഗ്ലാദേശിലാണ് താമസമെന്നാണ് വിവരം. പിതാവ് പശ്ചിമ ബംഗാളിലാണ് താമസം. ഇയാളുടെ കൈവശമുള്ള രേഖകൾ പ്രകാരം ഇന്ത്യൻ പൗരനാണ്. ഈ രേഖകൾ വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് പരിശോധിക്കുന്നത്.
കേരളത്തിലെത്തിയശേഷം പലതവണ അസമിലേക്ക് പോയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഷാബ്ഷേഖിന്റെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. രാത്രി മംഗളൂരു വിമാനത്താവളം വഴി അസമിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.