മുറവിളിക്കൊടുവിൽ വനിത വിശ്രമകേന്ദം തുറന്നു
text_fieldsകാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വനിതകൾക്കുവേണ്ടി പണിത വിശ്രമകേന്ദ്രം തുറന്നുകൊടുത്തു. ഉദ്ഘാടനം കഴിഞ്ഞിട്ട് ഏകദേശം രണ്ടു വർഷത്തോളമെടുത്തു തുറന്നുകൊടുക്കാൻ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനംചെയ്ത വിശ്രമകേന്ദ്രം പൂട്ടിക്കിടന്ന വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വാട്ടർ കണക്ഷനും ഇലക്ട്രിക് കണക്ഷനും കിട്ടാത്തതായിരുന്നു അന്ന് തുറന്നുകൊടുക്കാത്തതിന് കാരണമായി പറഞ്ഞിരുന്നത്. മുമ്പ് യുവജനസംഘടനകളുടേതടക്കം നിരവധി പ്രതിഷേധങ്ങൾ ഇതിനെതിരെ നടന്നിരുന്നു.
തുറന്നുകൊടുത്തിട്ടും പരാധീനതകൾ ഏറെയാണ്. ശുചിമുറിയിൽ പോകണമെങ്കിൽ ഇവിടെ വെള്ളം ലഭിക്കുന്നില്ലെന്നാണ് വനിതകളുടെ പരാതി. മോട്ടോർ കേടായതാണ് വെള്ളം ലഭിക്കാത്തതിന് കാരണമെന്നും
റിപ്പയർ ചെയ്ത് ഉടൻതന്നെ പൈപ്പ് വഴി വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചു ശുചിമുറിയാണ് നിലവിലുള്ളത്. അതിൽ രണ്ടെണ്ണം യൂറോപ്യനും മൂന്നെണ്ണം ഇന്ത്യൻ സ്റ്റൈലിലുള്ളതുമാണ്.
മുലയൂട്ടാനും വനിതകൾക്ക് വിശ്രമിക്കാനും നല്ല സൗകര്യമുണ്ട്. കൂടാതെ, പെയിന്റിങ് പണി നടത്തി മോടിപിടിപ്പിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്.
രണ്ടു ഷിഫ്റ്റുകളിലായി നഗരസഭ വിഭാഗം ജീവനക്കാർ ഇവിടെ ജോലിചെയ്യുന്നുണ്ട്. രാവിലെ ഏഴു മുതൽ ഒരുമണിവരെ ഒരു ഷിഫ്റ്റും ഒരുമണി മുതൽ ഏഴുവരെ വേറൊരു ഷിഫ്റ്റുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.