നീലേശ്വരത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം
text_fieldsനീലേശ്വരം: നീലേശ്വരത്ത് മണ്ഡലം കോൺഗ്രസ് ഓഫിസ് തകർത്തതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ വീടിനുനേരെയും ആക്രമണം. കൊടിമരവും സ്തൂപവും അക്രമികൾ തകർത്തു.
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നീലേശ്വരത്ത് പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി ഏഴിന് മണ്ഡലം കോൺഗ്രസ് ഓഫിസ് ആക്രമിച്ചിരുന്നു. ഓഫിസിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രനെ മർദിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ തിങ്കളാഴ്ച രാത്രി 12ന്, തൈക്കടപ്പുറം കോളനി ജങ്ഷന് സമീപത്ത് സ്ഥാപിച്ച കെ. കരുണാകരന്റെ പ്രതിമ തകർത്തു. തുടർന്ന് ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഹോസ്ദുർഗ് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൊട്രച്ചാലിലെ വി.വി. സുധാകരന്റെ വീടാണ് ആക്രമിച്ചത്.
രാത്രി ഒരു മണിയോടെയാണ് ഒരു സംഘം ആളുകൾ സുധാകരന്റെ വീട് ആക്രമിച്ചത്. വീടിന്റെ ജനൽ ഗ്ലാസുകൾ അക്രമികൾ കല്ലെറിഞ്ഞ് തകർത്തു. ഓർച്ച ജവഹർ ക്ലബിന് മുന്നിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു.
70ഓളം പേർക്കെതിരെ കേസ്
മണ്ഡലം കമ്മിറ്റി ഓഫിസ് ആക്രമിക്കുകയും പ്രസിഡന്റ് പി. രാമചന്ദ്രനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 20 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രകടനം നടത്തിയതിന് 50 ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും നീലേശ്വരം പൊലീസ് കേസെടുത്തു. ഡി.വൈ എഫ്.ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ്, പ്രസിഡന്റ് ദീപേഷ്, സന്ദീപ് കൊട്ടറ, കൃപേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് 15 പേർക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് തകർത്തത്. പൊലീസുകാർ നോക്കിനിൽക്കെയാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
അലൂമിനിയം ഫാബ്രിക്കേഷൻ ഉൾപ്പെടെ ഫർണിച്ചർ തകർക്കുകയും നേതാക്കളുടെ ഫോട്ടോകൾ നശിപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി എൻ. വിജയൻ എന്നിവരെ തള്ളിയിട്ടതായും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
നേതാക്കൾ സന്ദർശിച്ചു
തകർത്ത ഓഫിസ് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽവീട്, മാമുനി വിജയൻ, എറുവാട്ട് മോഹനൻ എന്നിവർ സന്ദർശിച്ചു. നീലേശ്വരത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
പ്രതിഷേധ പ്രകടനം
നീലേശ്വരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തർ നീലേശ്വരത്ത് പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. കോൺവൻറ് ജങ്ഷനിൽനിന്ന് ആരംഭിച്ച് മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ പ്രസിഡന്റ് ഹക്കീം കുന്നിൻ, ജനറൽ സെക്രട്ടറിമാരായ മാമുനി വിജയൻ, വിനോദ് കുമാർ പള്ളയിൽ വീട്, ഇ. ഷജീർ, എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു. അക്രമം നടന്ന വീടും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.