കെ.എസ്.ആർ.ടി.സി മിന്നൽ ബസിനുനേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsനീലേശ്വരം: കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി മിന്നല്‍ ബസിനെ ആക്രമിച്ച മൂന്നുപേരെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാമന്തളി എട്ടിക്കുളത്തെ അബ്ദുറഷീദിന്റെ മകന് ഹംസ മുട്ടുവന്‍ (19), കുന്നുംകൈയിലെ ദിനേശന്റെ മകന് ദീപക് ദിനേശന് (23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ എ.കെ. രവിയുടെ മകന് കെ.ആര്. പ്രവീണ്‍ (23) എന്നിവരെയാണ് നീലേശ്വരം എസ്.ഐ മധുസൂദനന് മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.45ഓടെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലാണ് കെ.എല്‍ 15 എ 2159 നമ്പര്‍ കെ.എസ്.ആര്.ടി.സി മിന്നല്‍ ബസിന് നേരെ ആക്രമണമുണ്ടായത്.
കാഞ്ഞങ്ങാട് സൗത്തില്‍ ബസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നാരോപിച്ചാണ് കെ.എല്‍ 14 പി 121 നമ്പര്‍ കാറില്‍ വന്ന മൂന്നംഗസംഘം ബസിന് കുറുകെ കാര്‍ നിര്‍ത്തിയിട്ട് കുപ്പികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞത്. മിന്നല്‍ ബസാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും കെ.എസ്.ആര്.ടി.സി ബസാണെന്നും കൈനീട്ടിയാല്‍ എവിടെയായാലും നിര്‍ത്തണമെന്നു പറഞ്ഞ് കണ്ടക്ടറെയും ഡ്രൈവറെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഭവംകണ്ട നാട്ടുകാര്‍ ആക്രമികളെ വളഞ്ഞുവെച്ച് നീലേശ്വരം പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ നീലേശ്വരം എസ്.ഐ മധുസൂദനന് മടിക്കൈയും സംഘവും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ മൂന്നുപേരും മദ്യലഹരിയിലായിരുന്നു. പിന്നീട് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് നരഹത്യശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തു. കാസര്‍കോട് വിട്ടാല്‍ കാഞ്ഞങ്ങാട്ടും പയ്യന്നൂരും കണ്ണൂരും ഉള്‍പ്പെടെ കോട്ടയത്തേക്ക് ഒമ്പതോളം സ്റ്റോപ് മാത്രമുള്ള മിന്നല്‍ ബസിനെയാണ് പ്രതികള്‍ കാഞ്ഞങ്ങാട് സൗത്തില്‍ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചത്. നിര്‍ത്താതെപോയ ബസിനെ ഇവര്‍ കാറില്‍ പിന്തുടര്ന്നാണ് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.