ആശുപത്രി സൂപ്രണ്ടിനെതിരെ വ്യക്തിഹത്യക്ക് ശ്രമം –കെ.ജി.എം.ഒ.എ
text_fieldsകാസർകോട്: ജാതിപ്പേര് വിളിെച്ചന്ന് പ്രചരിപ്പിച്ച് മംഗൽപാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നതായും ഇതനുവദിക്കില്ലെന്നും കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ഷാൻറിക്കെതിരെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജൂലൈ 26ന് മംഗൽപാടിയിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് വേണ്ടി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കലക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം ഫസ്റ്റ് ഡോസ് വാക്സിനേഷനു മുമ്പ് ആൻറിജൻ എടുക്കാൻ ആവശ്യപ്പെട്ടതിനെതിരെ ചിലർ സംഘർഷമുണ്ടാക്കി.
ഹെൽത്ത് ഇൻസ്പെക്ടർ ഉൾെപ്പടെയുള്ളവരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേർ റിമാൻഡിലായി. കേസ് പിൻവലിക്കാനും മൊഴിമാറ്റി പറയാനും പലരിൽ നിന്ന് സമ്മർദമുണ്ടായെങ്കിലും സൂപ്രണ്ട് വഴങ്ങിയില്ല. ഈ വിരോധം തീർക്കാനാണ് ഇപ്പോൾ സംഭവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ഡോക്ടർക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തു വന്നതെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് ഡോ. ഡി.ജി. രമേശ്, സെക്രട്ടറി ഡോ. മുഹമ്മദ് റിയാസ്, വൈസ് പ്രസിഡൻറ് ഡോ. വി. സുരേശൻ, സംസ്ഥാന ട്രഷറർ ഡോ.ജമാൽ അഹമ്മദ്, ഡോ. ഷാൻറി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.