ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
text_fieldsകാസർകോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ദിവസങ്ങൾ കഴിഞ്ഞിട്ടും വിട്ടുകിട്ടാത്തതിൽ മനംനൊന്ത് സമൂഹകമാധ്യമത്തിൽ കുറിപ്പിട്ടശേഷം ഡ്രൈവർ ആത്മഹത്യചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ അബ്ദുൽ സത്താറാണ് (60) മരിച്ചത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ജങ്ഷനിൽ വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തത്. വായ്പയെടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപിക്കുന്നു. ഡിവൈ.എസ്.പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകിട്ടിയില്ല. പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓട്ടോ വിട്ടുനൽകാത്തത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ കാസർകോട് എസ്.ഐയെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചാണ് അബ്ദുൽ സത്താർ നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നത്.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -എസ്.കെ.എസ്.എസ്.എഫ്
കാസർകോട്: സത്താർ ആത്മഹത്യ ചെയ്തസംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സത്താറിന്റെ ഓട്ടോ തടഞ്ഞുവെക്കുകയും അത് അദ്ദേഹത്തിന് മാനസികപ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ആത്മഹത്യക്കുറിപ്പും വിഡിയോ സന്ദേശവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തിന് പിന്നിലുള്ള വ്യക്തികളെ കണ്ടെത്തി നടപടിയെടുക്കണം. നിരപരാധികളെ പൊലീസ് സ്റ്റേഷനിൽ പ്രയാസപ്പെടുത്തുന്ന പ്രവണതക്കെതിരെ നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉയർത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
അന്വേഷണം സത്യസന്ധമായി നടത്തുകയും കുടുംബത്തിന് നീതിലഭ്യമാക്കുകയും ചെയ്യണമെന്നും നേതാക്കളായ സുബൈർ ഖാസിമി പടന്നയും ഇർഷാദ് ഹുദവി ബെദിരയും അഭ്യർഥിച്ചു.
ശക്തമായ നടപടി സ്വീകരിക്കണം -സി.ഐ.ടി.യു
നീലേശ്വരം: കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഓട്ടോ തൊഴിലാളി കുദ്രോളിയിൽ അബ്ദുൽ സത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി.
സർക്കാറിന്റെ പൊലീസ് നയത്തിന് വിപരീതമായി സേനക്കാകെ കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പലതവണയായി ശ്രദ്ധയിൽപെടുത്തിയതാണ്. മോട്ടോർ വാഹന വകുപ്പിലെയും പൊലീസിലെയും ചിലരുടെ ധിക്കാര നിലപാടിൽ പാവപ്പെട്ട തൊഴിലാളികൾ ഏറെ പ്രയാസത്തിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പിഴചുമത്തി വിടാവുന്ന നിയമങ്ങൾ നിലനിൽക്കെ വാഹനങ്ങൾ പിടിച്ച് ദിവസങ്ങളോളം കസ്റ്റഡിയിൽ വെക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന തൊഴിലാളിയുടെ ജീവൻ അപഹരിക്കുന്ന സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരം നൽകി കുടുംബത്തെ സംരക്ഷിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാത്തപക്ഷം ശക്തമായ സമരത്തിന് സി.ഐ.ടി.യു നേതൃത്വംകൊടുക്കുമെന്ന് ജില്ല സെക്രട്ടറി കെ. ഉണ്ണിനായർ നീലേശ്വരം പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ടി.വി. വിനോദ്, ടി. ലോഹിതാക്ഷൻ, എ.ആർ. ധന്യവാദ്, ഒ.വി. രവീന്ദ്രൻ, യു.കെ. പവിത്രൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.