ഉറൂസ് ആയാൽ ബാബു പൂജാരിക്ക് തിരക്കാണ്
text_fieldsകാസർകോട്: കമ്പാർ പറപ്പാടി ഉറൂസ് ആയാൽ ബാബു പൂജാരിക്ക് ഉത്തരവാദിത്തങ്ങളുടെ കാലമാണ്. ഗതാഗത നിയന്ത്രണംതൊട്ട് ആളുകളെ സഹായിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളിലും മുഴുകിയിരിക്കുകയാണ് ഇദ്ദേഹം. പറപ്പാടി മഖാമിലെത്തുന്നവർക്ക് ആർക്കും ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ടതില്ല. മുഖ്യകവാടത്തിൽ നിന്നുതിരിയാൻ കഴിയാത്ത ജോലിയിലാണ് ഈ 51കാരൻ വളന്റിയർ.
മഖാമുമായി ഇദ്ദേഹത്തിന്റെ ബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഏഴ് വയസ്സുതൊട്ട് മഖാമിന്റെ മുറ്റത്ത് പലകാര്യങ്ങളിലും സഹായിക്കാൻ ഇദ്ദേഹമുണ്ട്. മഖാമിലെ എല്ലാ പരിപാടികളിലും സജീവമാണ് ഇദ്ദേഹം. മതപ്രഭാഷണം നടക്കുമ്പോഴും കേൾവിക്കാരനായി മഖാമിൽ ഇദ്ദേഹമുണ്ടാകും.
പ്രായം അമ്പത്തൊന്ന് ആയിട്ടും ആവേശത്തിന് കുറവൊന്നുമില്ല. ഉറൂസ് കമ്മിറ്റിയിലുള്ളവർക്കും ബാബു പൂജാരിയോട് വല്ലാത്ത ഒരടുപ്പമാണ്. സർവകാര്യങ്ങൾക്കും ഇദ്ദേഹത്തെ കിട്ടണം. ഉറൂസ് തുടങ്ങിയതുമുതൽ ഇദ്ദേഹം സജീവമാണ്.
തെങ്ങുകയറ്റ തൊഴിലാളിയായ ഇദ്ദേഹം മഖാമിനു സമീപം തന്നെയാണ് താമസം. വിവിധ ജാതിമത വിഭാഗക്കാർ എത്തുന്നയിടമാണ് കമ്പാർ പറപ്പാടി മഖാം. ഈയൊരു സേവനത്തിലൂടെ കിട്ടുന്ന ആത്മസംതൃപ്തി ഒന്ന് വേറെ തന്നെയാണെന്നാണ് ബാബു പൂജാരിക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.