ഏറ്റ് മീന്‍പിടിത്തത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക, പണികിട്ടും
text_fieldsകാസർകോട്: മൽസ്യങ്ങളുടെ പ്രജനന കാലമായ പുതുമഴയിലെ ഏറ്റ് മീന്‍പിടിത്തത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ആറു മാസം തടവ് ലഭിക്കുന്ന കുറ്റമാണിത്. കാലവർഷ തുടക്കത്തിൽ മുട്ടയിടാനാണ് മത്സ്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.
ശുദ്ധജല മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലാണ്. പ്രജനന സമയങ്ങളില്‍ സഞ്ചാരവഴികളില്‍ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധിച്ചതായി അധികൃതർ അറിയിച്ചു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനവും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കും.
ഏറ്റുപിടിത്തം വഴി പല നാടന്‍ മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും വംശനാശഭീഷണിയിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക സമിതി
കാസർകോട്: ജില്ലയില്‍ അനധികൃത മീന്‍പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ രാജപുരം എന്നീ മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം.എഫ്. പോളിനാണ് ചുമതല. അസി. ഫിഷറീസ് എക്സിക്യൂട്ടിവ് ഓഫിസര്‍ അലാവുദ്ദീന്‍, പ്രോജക്ട് കോ ഓഡിനേറ്റര്‍മാരായ വി. അശ്വിന് കൃഷ്ണന്, ഐ.പി. ആതിര, കെ. വീണ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്, കുറ്റിക്കോല്‍, കുമ്പള മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എ.ജി. അനില്‍ കുമാറിനാണ്. അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ എ.എ. ഷിജു, എസ്.എസ്. സോഫിയ, പ്രോജക്ട് കോ ഓഡിനേറ്റര്‍മാരായ ലക്ഷ്മിക്കുട്ടി, പി. സ്വാതി ലക്ഷ്മി, കെ. അവിനാഷ് എന്നിവര്‍ അംഗങ്ങളാണ്.
ചെറുവലകളും കൂടുകളും മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തും. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതേ തുടര്‍ന്ന് നടപടി സ്വീകരിക്കാം. വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന് അറിയിച്ചു. ജില്ലയില്‍ അനധികൃത മീന്‍പിടിത്തം ശ്രദ്ധയില്‍പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഫോണ്‍: 9947625185,7356114237.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.