ലെവൽക്രോസിൽ ബാരിക്കേഡ്; മനുഷ്യാവകാശ കമീഷന് മറുപടി നൽകി റെയിൽവേ
text_fieldsമൊഗ്രാൽ: മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്ത് റെയിൽവേട്രാക്ക് മുറിച്ചുകടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റെയിൽവേ. വിദ്യാർഥികളും വയോജനങ്ങളുമുൾപ്പെടെയുള്ളവർ ഉപയോഗിച്ചുവരുന്ന റെയിൽവേ ക്രോസാണ് അടച്ചത്. ലെവൽക്രോസ് മുറിച്ചുകടക്കുന്നത് റെയിൽവേ ബാരിക്കേഡ് കെട്ടിയാണ് തടഞ്ഞത്. ഈ നടപടിക്കെതിരെ മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമീഷന് പരാതിനൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ പാലക്കാട് റെയിൽവേ ഡിവിഷൻ കാര്യാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. മനുഷ്യവകാശ കമീഷൻ ആവശ്യപ്പെട്ട വിശദീകരണത്തിന് ലെവൽക്രോസ് ജനങ്ങളുടെ സുരക്ഷക്കാണെന്നാണ് റെയിൽവേ മറുപടി നൽകിയത്. മൊഗ്രാൽ കൊപ്പളം, മീലാദ് നഗർ എന്നിവിടങ്ങളിലാണ് റെയിൽവേ ബാരിക്കേഡുകൾ കെട്ടി വഴിയടച്ചത്. റെയിൽപാളം മുറിച്ചുകടക്കുന്നത് നിയമവിരുദ്ധമാണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. റെയിൽവേയുടെ നടപടി മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുള്ള വിദ്യാർഥികളുടെ സ്കൂൾ യാത്രക്ക് തടസ്സമാണൊയിരുന്നു മൊഗ്രാൽ ദേശീയവേദിയുടെ പരാതി.
മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്തുനിന്ന് 500 മീറ്റർ അകലെയും മൊഗ്രാൽ നാങ്കി, ഗാന്ധിനഗർ കടപ്പുറത്തുനിന്ന് ഒരുകിലോമീറ്റർ അകലെയുമുള്ള കൊപ്പളം അടിപ്പാത പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് റെയിൽവേ നിർദ്ദേശിച്ചിരിക്കുന്നത്. മംഗളുരു- കാസർകോട് പാതയിൽ വേഗതയിലുള്ള ട്രെയിനുകൾ സർവിസ് തുടങ്ങിയതിനാൽ സ്കൂൾ കുട്ടികൾക്കും വയോജനങ്ങൾക്കും അപകടസാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടുകൊണ്ടാണ് റെയിൽവേയുടെ നടപടി.
പാളം മുറിച്ചുകടക്കുന്നത് റെയിൽവേ ആക്ടിലെ സെക്ഷൻ 147 പ്രകാരം ശിക്ഷാർഹമാണെന്നും പാളം അതിക്രമിച്ചുകടക്കുന്നവർക്ക് 500 മുതൽ 1000 രൂപ വരെ പിഴ ഈടാക്കുമെന്നും റെയിൽവേ കത്തിൽ സൂചിപ്പിക്കുന്നു. സുരക്ഷ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിച്ചത് മൊഗ്രാലിൽ മാത്രമല്ലെന്നും പാലക്കാട് ഡിവിഷനിലുടനീളം ട്രാക്ക് ക്രോസിങ് സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ എൻജിനീയറുടെ വിശദീകരണ കത്തിൽ പറയുന്നുണ്ട്. റെയിൽവേയുടെ വിശദീകരണത്തിൽ പരാതിയുണ്ടെങ്കിൽ ഈമാസം 20ന് കാസർകോട് ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ പരിഗണിക്കാമെന്നും ദേശീയവേദി ഭാരവാഹികളെ അറിയിച്ചു.
നാങ്കി കടപ്പുറത്ത് നിന്ന് കിലോമീറ്റർ അകലെയുള്ള റെയിൽവേ അടിപ്പാതയിലൂടെ നടന്നുപോകുന്നത് വിദ്യാർഥികൾക്ക് ദുരിതമായതിനാൽ നാങ്കി, മീലാദ് നഗർ, കൊപ്പളം ജുമാമസ്ജിദിന് മുൻവശം എന്നിവിടങ്ങളിൽ നടപ്പാതക്കുള്ള സബ്-വേ അനുവദിക്കണമെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നാട്ടുകാരുടെ ആവശ്യം വ്യാഴാഴ്ച നടക്കുന്ന മനുഷ്യവകാശ സിറ്റിങ്ങിൽ രേഖാമൂലം അറിയിക്കുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.