ബാവിക്കര ടൂറിസം പദ്ധതിക്ക് നടപടി
text_fieldsമുളിയാർ: ബാവിക്കര ടൂറിസം പദ്ധതി ടെൻഡർ നടപടികള്‍ പൂര്‍ത്തിയായി. ഉദുമ നിയോജക മണ്ഡലത്തിലെ മുളിയാര്‍ പഞ്ചായത്തില്‍ ബാവിക്കര കുടിവെള്ള പദ്ധതിയുടെ റെഗുലേറ്റര്‍ സൈറ്റുമായി ബന്ധപ്പെട്ട പ്രദേശമാണ് ബാവിക്കര ടൂറിസം പദ്ധതിയായി വികസിപ്പിക്കുന്നത്.
സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക അനുവദിച്ചിരുന്നു. ബാവിക്കര പ്രദേശത്ത് ടൂറിസം പദ്ധതി നടപ്പാക്കുന്നതിലൂടെ കാസർകോട് ജില്ലയിലെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം സാധ്യമാകുമെന്ന് എം.എല്‍.എ പറഞ്ഞു. 4.70 കോടി രൂപക്ക് തിരുവനന്തപുരത്തുള്ള ബാങ്കേഴ്സ് കണ്‍സ്ട്രക്ഷന്‍ ആണ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ടെൻഡര്‍ ഏറ്റെടുത്തിരിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി മുളിയാര്‍ വില്ലേജിലെ റീസർവേ നം. 1143 ല്‍പ്പെട്ട 44.5 സെന്റ് പുഴ പുറമ്പോക്ക് ഭൂമിയുടെ വിനിയോഗാനുമതി കാസർകോട് കലക്ടര്‍ 2023 ല്‍ വിനോദ സഞ്ചാരവകുപ്പിന് നല്കിയിട്ടുള്ളതാണ്. ഇതിനുപുറമെ പദ്ധതി പ്രദേശത്തിന് സമീപം അമ്പത് സെന്റോളം ഭൂമി സ്വകാര്യവ്യക്തി സൗജന്യമായി വകുപ്പിന് വിട്ടുനല്‍കിയിട്ടുമുണ്ട്. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, നടപ്പാത, ശൗചാലയങ്ങള്‍, പാര്‍ക്കിങ് ഏരിയ, ബോട്ടിങ് തുടങ്ങിയവയാണ് ആദ്യഘട്ട നിർമാണത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ ബാവിക്കരയില്‍ നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധപ്പെടുന്ന തരത്തില്‍ ഗ്ലാസ് ബ്രിഡ്ജും വിഭാവനം ചെയ്തിട്ടുണ്ട്. ടൂറിസം മേഖലയിൽ വിവിധ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തി പരിചയ സമ്പത്തുള്ള ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജൻസി ലിസ്റ്റിൽപ്പെട്ട ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിർമാണ പ്രവൃത്തികള്‍ ആരംഭിച്ച് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.