ബി.എഡ് കോഴ്സുകൾ നിർത്തലാക്കി; ചാല ബി.എഡ് സെൻറർ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു
text_fieldsകാസർകോട്: ചാല ബി.എഡ് സെന്ററിലെ ബി.എഡ് കോഴ്സുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ ചാല ബി.എഡ് സെൻറർ ഉപരോധിച്ചു. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ബി.എഡ് കോളജുകളിൽ ഈ വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ ഓപ്ഷനായി നൽകാൻ ചാല ബി.എഡ് സെൻററില്ല.
സ്ഥിരം അധ്യാപകരുടെ അപര്യാപ്ത തുടങ്ങിയ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവിടെ ബി.എഡ് കോഴ്സ് നിർത്തലാക്കിയത്. അറബി, കന്നട ഭാഷാന്യൂനപക്ഷങ്ങളുടെ ആശാകേന്ദ്രം കൂടിയാണ് ചാല ബി.എഡ് സെൻറർ. ഈ വർഷത്തെ അഡ്മിഷന് ചാല കാമ്പസിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.എസ്.എഫ് പ്രവർത്തകർ ബി. എഡ് സെൻറർ ഉപരോധിച്ചത്.
അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ എം.എസ്. എഫ് അനിശ്ചിതകാലസമരം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് അനസ് എതിർത്തോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സയ്യിദ് താഹ ചേരൂർ അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ല ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗർ, ഭാരവാഹികളായ സലാം ബെളിഞ്ചം, അൻസാഫ് കുന്നിൽ, ഷാനവാസ് മർപ്പനടുക്ക, ബാസിത്ത് തായൽ, നാഫി ചാല, തൈസീർ പെരുമ്പള, ഇർഫാൻ കളത്തൂർ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.