പുതിയ കമ്പനി, പുതിയ നിയമം
text_fieldsകാസർകോട്: കേന്ദ്ര സർക്കാർ വിൽപനക്കുവെച്ച ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാനം ഏറ്റെടുത്തപ്പോൾ ജീവനക്കാർക്ക് പിടിച്ചതിലും വലുത് മാളത്തിലെന്ന അവസ്ഥ. ഇനി പുതിയ കമ്പനിയാണെന്നും പുതിയ നിയമമാണെന്നും അതിനാൽ പഴയതൊന്നും ചോദിക്കരുതെന്നുമാണ് ജീവനക്കാർക്കുള്ള തിട്ടൂരം. ജോലിയും കൂലിയുമില്ലാതെ രാപ്പകൽ സമരം നടത്തിയും രണ്ടുവർഷത്തോളം നിയമയുദ്ധം നടത്തിയും കമ്പനി തുറന്നുകിട്ടിയപ്പോഴാണ് തൊഴിലാളികൾക്ക് 'പണി' നൽകിയത്. ഇതോടെ, കെൽ ഇ.എം.എൽ കമ്പനി തുറക്കുംമുമ്പേ ജീവനക്കാർ നേരിടുന്നത് പുതിയ പ്രതിസന്ധി.
രണ്ടുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കമ്പനി ഫെബ്രുവരി 15ഓടെ തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ എന്തുചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് 139 ജീവനക്കാർ. പ്രതീക്ഷയോടെ കമ്പനിയിലെത്തി ജോലി ചെയ്യാൻ കാത്തിരുന്നവർക്ക് പുതിയ നിബന്ധനയാണ് വ്യവസായ വകുപ്പ് മുന്നോട്ടുവെച്ചത്. കമ്പനിയുടെ പുതിയ ധാരണപത്രം അംഗീകരിക്കാനാവില്ലെന്നുപറഞ്ഞ് ജീവനക്കാർ വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
പേര് മാറ്റിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
ബദ്രഡുക്കയിലെ 12 ഏക്കറിൽ മികച്ച നിലക്ക് പ്രവർത്തിച്ചുകൊണ്ടിരുന്ന കെൽ യൂനിറ്റാണ് ഭെൽ ഇ.എം.എല്ലും ഇപ്പോൾ കെൽ ഇ.എം.എല്ലുമായി മാറുന്നത്. റെയിൽവേക്ക് ആവശ്യമായ ജനറേറ്ററുകൾ ഉൽപാദിപ്പിച്ചിരുന്ന സംസ്ഥാനത്തെ മികച്ച പൊതുമേഖല കമ്പനിയായിരുന്ന കെൽ യൂനിറ്റിന്റെ 51 ശതമാനം ഓഹരി നവരത്ന കമ്പനിയായ 'ഭെൽ' ഏറ്റെടുത്തു.
2009 ഫെബ്രുവരിയിൽ ധാരണപത്രവും ഒപ്പിട്ടു. തുടർന്ന് ഭെൽ ഇ.എം.എൽ കമ്പനിയായി കെൽ മാറി. ഇവർ ഏറ്റെടുത്തതോടെ കമ്പനി തകർച്ചയിലേക്ക് കൂപ്പുകുത്തി. മാസങ്ങൾ ശമ്പളം മുടങ്ങിയതിനു പിന്നാലെ 2020 മാർച്ചിൽ ലോക്ഡൗണിന്റെ മറവിൽ കമ്പനി അടച്ചുപൂട്ടി. വഴിയാധാരമായ ജീവനക്കാരുടെ സമരവും നിയമയുദ്ധങ്ങൾക്കുമൊടുവിൽ രണ്ടാം പിണറായി സർക്കാർ കമ്പനി ഭെല്ലിൽനിന്ന് ഏറ്റെടുക്കുകയും തുറക്കാനും തീരുമാനിച്ചു.
ജീവനക്കാർ സന്തോഷത്തോടെ കഴിയുന്ന വേളയിലാണ് കമ്പനിക്ക് പുതിയ പേരിട്ടത്. കെൽ ഇ.എം.എൽ അഥവാ കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് എന്ന പേരിട്ടപ്പോഴാണ് പുതിയ നിയമവും ശമ്പളവുമെല്ലാമെന്ന നിബന്ധന പുറത്തുവന്നത്.
ശമ്പളം മുതൽ പെൻഷൻ പ്രായം വരെ മാറ്റം
സംസ്ഥാനത്തെ കെൽ യൂനിറ്റുകളുമായി ബദ്രഡുക്കയിലെ കമ്പനിയെ താരതമ്യം ചെയ്യേണ്ട. ഇത് പുതിയ കമ്പനിയാണ്. കെല്ലിന്റെ ഒരു അനുബന്ധ യൂനിറ്റ് എന്നാണ് വ്യവസായ മന്ത്രി പി. രാജീവും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ആദ്യം മുതലേ തൊഴിലാളികളോട് പറഞ്ഞത്.
കമ്പനി പുതിയതായാലും ജോലി കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ ഇവ തൊഴിലാളികൾ കാര്യമാക്കിയില്ല. പിന്നീട് ധാരണപത്രം ഒപ്പുവെക്കാൻ കമ്പനി അധികൃതർ വന്നപ്പോഴാണ് അടിമുടി മാറ്റമുള്ള കാര്യമറിയുന്നത്. 2018 ഡിസംബർ മുതൽ 2020 മാർച്ച് വരെ ജോലി ചെയ്തതിൻെറ ശമ്പളകുടിശ്ശിക കിട്ടാനുണ്ട്. അതേക്കുറിച്ച് ഒന്നും ധാരണപത്രത്തിലില്ല. അക്കാര്യം ജീവനക്കാരുമായി മറ്റൊരു ധാരണപ്രകാരമേ തീരുമാനിക്കുകയുള്ളൂ.
ലോക്ഡൗണിനെത്തുടർന്ന് 2020 മാർച്ച് അവസാനം അടച്ചിട്ടതിനുശേഷം ഇപ്പോൾ തുറക്കുന്നതുവരെയുള്ള ശമ്പളമോ ആനുകൂല്യമോ നൽകുന്നതല്ല. മാനുഷിക പരിഗണനയിൽ പ്രതിമാസ വേതനത്തിന്റെ 25 ശതമാനം തുകക്ക് തുല്യമായ ഒരു ആശ്വാസധനം നൽകും. കമ്പനി ഏറ്റെടുത്ത 2021 ജൂലൈ 28 മുതൽ പെൻഷൻ പ്രായം 58 ആയിരിക്കും.
പുതിയ കമ്പനിയുടെ ശമ്പളവും ആനുകൂല്യവുമെല്ലാം പുതിയതായിരിക്കും. കെല്ലിന്റെ മറ്റ് യൂനിറ്റുകളിലേക്ക് സ്ഥലംമാറ്റവും അനുവദിക്കുന്നതല്ല. ഇങ്ങനെ പോകുന്നു നിബന്ധനകൾ. ഭെൽ ഏറ്റെടുത്തപ്പോൾ പെൻഷൻ പ്രായം 60 ആയിരുന്നു നിശ്ചയിച്ചത്. ആ നിബന്ധന ഒഴിവാക്കിയാൽ 53 പേർക്ക് തൊഴിലില്ലാത്ത അവസ്ഥയുമുണ്ടാകും.
'കരിനിയമം നടപ്പാക്കാൻ ശ്രമം'
കമ്പനി ഏറ്റെടുത്തിട്ടും ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെ പീഡിപ്പിക്കുകയാണ്. 40 മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. സർക്കാർ പ്രഖ്യാപിച്ച 77 കോടി രൂപയുടെ പാക്കേജിൽനിന്നും ആദ്യ ഗഡുവായി ലഭിച്ച 20 കോടി കമ്പനിയുടെ അക്കൗണ്ടിൽ വന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച ജീവനക്കാരുടെ കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നില്ല. എ.ഒ.യുവിന്റെ രൂപത്തിലും കരിനിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണ് സർക്കാർ.
(പി.ജി. ദേവ്, പ്രസിഡന്റ്, ഐ.എൻ.ടി.യു.സി, കാസർകോട്)
'ശമ്പളം ഉടൻ നൽകണം'
ജീവനക്കാർ ജോലി ചെയ്ത വേതനം ഇനിയും പിടിച്ചുവെക്കാനുള്ള ശ്രമം അവസാനിപ്പിച്ച് അടിയന്തരമായി ശമ്പളം നൽകണം. ജീവനക്കാർ നടത്തിയ സമരത്തിനും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ കമ്പനി ഏറ്റെടുക്കുകയും ബാധ്യതകൾ തീർക്കാൻ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടും ശമ്പളം നൽകാത്ത നടപടി ധിക്കാരമാണ്.
മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രഖ്യാപനങ്ങൾ കാറ്റിൽപറത്തി മാനേജ്മെന്റ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ നിർബന്ധിതമാവും.
(എ. അബ്ദുൽ റഹ്മാൻ, പ്രസിഡന്റ്, ഭെൽ എസ്.ടി.യു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.