കനറ ഫിഷ് ഫാർമേഴ്സ് കമ്പനിയുടെ പേരിൽ വൻ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsകാസർകോട്: കാസർകോട് കനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പേരിൽ വൻ തട്ടിപ്പ്. കണ്ണൂർ സിറ്റി സ്വദേശിയായ രാഹുൽ ചക്രപാണി (43) അറസ്റ്റിലായി. പതിനഞ്ചോളം കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മധൂർ സ്വദേശി സാബ് ഇസ്ഹാഖിന്റെ പരാതിയിൽ കാസർകോട് പൊലീസ് വഞ്ചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തുക കിട്ടാനുള്ളവരാണ് ഇയാളെ കാസർകോട് സ്റ്റേഷനിലെത്തിച്ചത്.
ബന്തടുക്കയിലെ സുഹൃത്തിനെ സന്ദർശിക്കാൻ വന്ന ഇയാളെ നിക്ഷേപകർ സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു. നഗരത്തിലെ വ്യാപാരിയായ മധൂർ സ്വദേശി സാബ് ഇസ്ഹാഖ് കമ്പനിയിൽ നിക്ഷേപിച്ച 2.94 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
പഴയ പ്രസ് ക്ലബ് ജങ്ഷനിലെ ഓഫിസ് 2023 ഡിസംബർ മുതൽ പ്രവർത്തിച്ചിരുന്നില്ല. ഇവിടെ നിക്ഷേപിച്ച തുക മുഴുവൻ രാഹുൽ ചക്രപാണിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. എന്നാൽ, തിരുവനന്തപുരം സ്വദേശിയായ കമ്പനി സി.ഇ.ഒയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി രാഹുൽ പൊലീസിൽ മൊഴിനൽകി. കേരള, കർണാടക സംസ്ഥാനങ്ങളിലായി 15 ശാഖകളാണ് ഇവർക്കുള്ളത്. ഇവിടങ്ങളിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പാണ് നടത്തിയതെന്നാണ് പറയുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഉന്നമനം എന്നപേരിൽ തുടങ്ങിയ ഈ സ്ഥാപനം ബോട്ട് എൻജിൻ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളായ പലരിൽനിന്നും അമ്പതിനായിരം രൂപ വീതം കൈക്കലാക്കിയിരുന്നെന്നും പരാതിയുണ്ട്. എൻജിൻ കിട്ടാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ തട്ടിപ്പ് മനസ്സിലായത്. കൂടാതെ, മത്സ്യത്തൊഴിലാളികളുടെ വീടുതോറും പോയി ഡെയ്ലി ഡെപ്പോസിറ്റും പിരിച്ചിരുന്നെന്നാണ് പറയുന്നത്.
മക്കളുടെ വിവാഹത്തിനും മറ്റും എടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാളുടെ ജീവനക്കാർ ഇങ്ങനെ ദിവസം വന്ന് പൈസ പിരിച്ചിരുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. രണ്ടാം പ്രതിയെന്ന് സംശയിക്കുന്ന രജനിയെ അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് കാസർകോട് എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ചക്രപാണിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.