പിലിക്കോടിന് ജൈവ വൈവിധ്യ അവാർഡ്
text_fieldsചെറുവത്തൂർ: ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തിയതിന് 2019-20 ലെ സംസ്ഥാന ജൈവവൈവിധ്യ അവാർഡ് പിലിക്കോടിനെ തേടിയെത്തി. ജൈവവൈവിധ്യങ്ങളാല്‍ ചുറ്റപ്പെട്ട ഈ പഞ്ചായത്ത് അത് സംരക്ഷിക്കാന്‍ കൃത്യമായ പദ്ധതികള്‍ തയാറാക്കി വരുന്നുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് പഞ്ചായത്തിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി (ബി.എം.സി)യാണ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മാതൃകാ ബി.എം.സിയായി പിലിക്കോടിനെ തെരഞ്ഞെടുത്തു.
നാട്ടുമാവുകളേയും മാമ്പഴപ്പെരുമയേയും നിലനിര്‍ത്താനായി കഴിഞ്ഞ വര്‍ഷം തുടക്കമിട്ട പദ്ധതിയാണ് പൈതൃകം നാട്ടുമാവ്. 2019-2020 വര്‍ഷത്തിന്‍റെ ആദ്യമാസങ്ങളില്‍ തന്നെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2019 മെയ് മാസത്തില്‍ പതിനാറ് വാര്‍ഡുകളിലേയും കുടുംബശ്രീ, എ.ഡി.എസുകള്‍ പങ്കെടുത്ത നാട്ടു മാമ്പഴഫെസ്റ്റ് നൂതന കാല്‍വെപ്പായിരുന്നു. മത്സരാടിസ്ഥാനത്തില്‍ നടന്ന പച്ചമാങ്ങകളും പഴുത്ത മാങ്ങകളും കൊണ്ടുള്ള വിവിധ ഭക്ഷോത്പന്നങ്ങളുടെ മേളയും പ്രദര്‍ശനവും നടത്തി. ഒന്നാം സ്ഥാനം നേടിയ എ.ഡി.എസ് 450 ഓളം നാടന്‍ മാവിന്‍ തൈകള്‍ ഉണ്ടാക്കുന്ന ഒരു നഴ്സറിയും നിര്‍മ്മിച്ചു നൽകി. 2019ലെ പരിസ്ഥിതി ദിനത്തില്‍ ഈ മാവിന്‍ തൈകള്‍ പുതിയ സ്ഥലത്ത് നടുകയും ചെയ്തു.
പഞ്ചായത്തിലെ 13 പാടശേഖര സമിതികള്‍ വഴി 40 ഇനം നാടന്‍ നെല്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനായി അവ കൃഷി ചെയ്തുവരുന്നുണ്ട്. കര്‍ഷകരുടെ ഒത്തുചേരലും വിത്തുകളുടെ പ്രദര്‍ശനവും കൈമാറ്റവും നടത്തുന്നതിനായി മഹാകവി ടി.എസ് തിരുമുമ്പിന്‍റെ ഭവനത്തില്‍ വിത്തു ഉത്സവം സംഘടിപ്പിച്ചു. പിലിക്കോടിനെ പൈതൃക നെല്‍വിത്ത ഗ്രാമമായി കഴിഞ്ഞവര്‍ഷം തന്നെ കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നു. പോയകാല തലമുറ കൃഷിചെയ്തു വന്ന 75 നാടന്‍ നെല്‍വിത്ത് ഇനങ്ങള്‍ ഇവിടെ തന്നെ സംരക്ഷിക്കാനാണ് ബി.എം.സി. ലക്ഷ്യമിടുന്നത്.
ജൈവതാളം എന്ന പേരില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ ബി.എം.സികള്‍ ജൈവോദ്യാനം, ജൈവ വൈവിധ രജിസ്റ്റര്‍, വിദ്യാലയ കോമ്പോണ്ടില്‍ ഔഷധതോട്ടം എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയുടെ മികവുകള്‍ കണക്കാക്കി മികച്ച രണ്ട് വിദ്യാലയ അവാര്‍ഡുകളും നല്‍കി.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന പ്രഥമ ജൈവവൈവിധ്യ കോണ്‍ഗ്രസ്സില്‍ മികച്ച സ്റ്റാള്‍ ഒരുക്കി സന്ദര്‍ശകരുടെ പ്രശംസയും പിലിക്കോട് പിടിച്ചുപറ്റി. കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി. സ്കൂളില്‍വെച്ച് വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്ററുകളുടെ പ്രകാശന പരിപാടി നടന്നു. പൈതൃകം നാട്ടുമാവ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനമായ നാട്ടുമാമ്പഴ ഫെസ്റ്റും കാലിക്കടവ് ടൗണിനടുത്തുള്ള നാട്ടുമാവുകളുടെ ചോട്ടിൽ നടത്തി.
ഹൈബ്രിഡ് നെല്ല് വിത്തുകള്‍ക്ക് പകരം നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനായി ബി.എം.സി. വഴി പ്രാവര്‍ത്തികമാക്കുന്ന മറ്റൊരു കാര്‍ഷിക പദ്ധതിയായിരുന്നു പൈതൃകം നെല്ല് വിത്ത് ഗ്രാമം. പഞ്ചായത്തിനകത്തും പുറത്തുമുള്ള 45 ഇനം നാടന്‍ നെല്ല് വിത്തിനങ്ങള്‍ പിലിക്കോട് ഇന്ന് സംരക്ഷിച്ചു വരുന്നു. പഞ്ചായത്തിൻെറ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ പിലിക്കോട് ജൈവ വൈവിധ്യ പരിപാലന സമിതിയെ അര്‍ഹിക്കുന്ന അംഗീകാരമാണ് തേടിയെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.