തോണി അപകടം: 24 മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടത്
text_fieldsകാസർകോട്: ഞായറാഴ്ച രാവിലെ മുതൽ കീഴൂർ പ്രദേശവാസികൾ ഒന്നടങ്കം പ്രാർഥനയിലായിരുന്നു. സഹപ്രവർത്തകരായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥന. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി മൂവരും മരിച്ചെന്ന വിവരം ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവർ കൺമുന്നിൽനിന്നും മറഞ്ഞതായി ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും തേങ്ങി.
കോവിഡ് മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും സുഹൃത്തുക്കളെ അവസാനമായൊന്നുകാണാൻ ജനം കടപ്പുറം ഭാഗത്തേക്ക് ഒഴുകി. ഞായറാഴ്ച പുലർച്ച നാലരയോടെയാണ് സന്ദീപും രതീശനും കാര്ത്തികും അടങ്ങുന്ന ഏഴംഗ സംഘം മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടത്. അഞ്ചുമണിയോടെ ഫൈബർ വള്ളം കടലിലിറക്കി. ട്രോളിങ് നിരോധനമുള്ളതിനാൽ വലിയ ബോട്ടുകൾ ഒന്നും കടലിലുണ്ടാവില്ല. അതിനാൽ തന്നെ വലിയ പ്രതീക്ഷകളോടെയാണ് ഇറക്കം.
എന്നാൽ, വള്ളമിറങ്ങി അധികം കഴിയും മുേമ്പ കടൽ പ്രക്ഷുബ്ധമായിത്തുടങ്ങി. ശക്തമായ തിരയിൽപെട്ട് വള്ളം ആടിയുലഞ്ഞു. അഴിമുഖത്തോട് ചേർന്ന് മണൽതിട്ടകൾ രൂപപ്പെട്ടതിനാൽ അപ്രതീക്ഷിതമായിരുന്നു കടൽക്ഷോഭം. നിമിഷങ്ങൾക്കകം വള്ളം മറിയുകയും ചെയ്തു. ഏഴുപേരും കുറേ നീന്തിയെങ്കിലും സന്ദീപും രതീശനും കാര്ത്തികും വിധിക്ക് കീഴടങ്ങി. മറ്റു വള്ളങ്ങൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്തത്രയും കടൽ പ്രക്ഷുബ്ധമായിരുന്നു. തോണിയിലുണ്ടായിരുന്ന രവി, ഷിബിൻ, മണിക്കുട്ടൻ, ശശി എന്നിവരെ മറ്റു വള്ളങ്ങളിലുള്ളവർ രക്ഷപ്പെടുത്തി.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. നീന്തി രക്ഷപ്പെട്ടവർ കരയിലെത്തിയപ്പോഴാണ് മൂന്നുപേർ കടലിലുണ്ടെന്ന് അറിഞ്ഞത്. ഇവർക്കായി അപ്പോൾ തന്നെ മത്സ്യബന്ധന തൊഴിലാളികൾ കടലിലേക്ക് നീങ്ങി. തളങ്കര തീരദേശ പൊലീസിെൻറയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഞായറാഴ്ച രാത്രിയും തുടർന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആ ദുരന്ത വാർത്തയെത്തി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നുമണിയോടെ മൂവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത്, ജി. നാരായണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
തോണിയപകടം: അടിയന്തര ധനസഹായം ഇന്ന് കൈമാറും
കാസർകോട്: കീഴൂർ അഴിമുഖത്തുണ്ടായ തോണിയപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഫിഷറീസ് ക്ഷേമനിധി ബോർഡ് ചൊവ്വാഴ്ച രാവിലെ 10.30ന് അടിയന്തര ധനസഹായം നൽകും. അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10000 രൂപ വീതവും ഒരാളുടെ കുടുംബത്തിന് 5000 രൂപയും പരിക്കേറ്റ നാലുപേർക്ക് 1000 രൂപ വീതവുമാണ് ധനസഹായം. മത്സ്യബോർഡ് ചെയർമാൻ, മത്സ്യ ബോർഡ് കണ്ണൂർ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ, ഫിഷറീസ് ഓഫിസർ, പഞ്ചായത്തംഗം എന്നിവർ അപകടത്തിൽപെട്ടവരുടെ വീടുകളിൽ നേരിട്ടെത്തി സഹായം കൈമാറും.
ജോലി നൽകണം–ധീവരസഭ
കാസർകോട്: മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിൽ ജോലി നൽകണമെന്ന് അഖില കേരള ധീവരസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കസബ ഹാർബർ അപകടമുക്തമാകാത്തത് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അനാസ്ഥ കൊണ്ടാണെന്നും ജില്ല കമ്മിറ്റി ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു. എസ്. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ജി. രാജേഷ്, വി.വി. കുഞ്ഞികൃഷ്ണൻ, മുട്ടത്ത് രാഘവൻ, കെ. മനോഹരൻ, കെ. ശംഭു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം കെ. സുനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.