വരുമോ, പുത്തൂർ മെഡിക്കൽ കോളജ്? പ്രതീക്ഷയോടെ അതിർത്തിഗ്രാമങ്ങൾ
text_fieldsകാസർകോട്: മെഡിക്കൽ കോളജുകളുടെ നഗരമാണ് ദക്ഷിണ കന്നട ജില്ല. എട്ട് മെഡിക്കൽ കോളജുകളാണ് കാസർകോടിെൻറ അതിർത്തി ജില്ലയായ ദക്ഷിണ കന്നടയിലുള്ളത്. എട്ടും സ്വകാര്യമേഖലയിലായതിനാൽ ചികിത്സക്ക് വൻ ചെലവാണ് വരുന്നത്.
ഏറക്കാലത്തെ മുറവിളികൾക്കൊടുവിൽ ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് യാഥാർഥ്യമാവുന്നുവെന്നാണ് വിവരം.
കർണാടകയിൽ സർക്കാർ മെഡിക്കൽ കോളജ് വന്നാൽ നമുക്കെന്ത് എന്നു ചോദിക്കാൻ വരെട്ട. കാസർകോട് ജില്ലയോട് ചേർന്നുള്ള പുത്തൂരിലാണ് കോളജ് വരാൻ സാധ്യത. ഇതുസംബന്ധിച്ച കടലാസുജോലികൾ പുരോഗമിക്കുകയാണ്. ദക്ഷിണ കന്നട ജില്ലയിൽ ഗവ. കോളജ് സ്ഥാപിക്കാൻ ഏറ്റവും സാധ്യതയും പുത്തൂരിനാണ്. നിലവിലെ എട്ടു സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഏഴും മംഗളൂരു താലൂക്കിലും ഒരെണ്ണം സുള്ള്യ താലൂക്കിലുമാണ്. ഇതെല്ലാം പുത്തൂരിെൻറ സാധ്യത വർധിപ്പിക്കുകയാണ്. പുത്തൂർ ബന്നൂരിലാണ് മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിനു മുന്നോടിയായി 40 ഏക്കർ ഭൂമി റീ സർവേ ചെയ്യാൻ റവന്യൂ വകുപ്പിന് സർക്കാർ നിർദേശം നൽകി. യു.ടി. ഖാദർ ആരോഗ്യമന്ത്രിയായിരിക്കെ മംഗളൂരു വെൻലോക് ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നടപടികളുമായി ഏറെ മുന്നോട്ടുപോയിരുന്നു. കോൺഗ്രസ് ഭരണം നഷ്ടപ്പെട്ടതോടെ ആ ശ്രമങ്ങൾ പാതി വഴിയിൽ നിലച്ചു.
പ്രതീക്ഷയോടെ അതിർത്തിഗ്രാമങ്ങൾ
ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിൽ പ്രതീക്ഷയാണ്. പുത്തൂരിൽ ഗവ. മെഡിക്കൽ കോളജ് വരുമോ എന്നത് ആശ്വാസമാണ് അവർക്ക് സമ്മാനിക്കുന്നത്.
എൻമകജെ, പൈവളികെ, വോർക്കാടി, മീഞ്ച, ബദിയടുക്ക, പുത്തിഗെ, ബെള്ളൂർ, ദേലമ്പാടി, മുള്ളേരിയ തുടങ്ങി അതിർത്തി ഗ്രാമപഞ്ചായത്തുകൾക്ക് വളരെ അടുത്താണ് പുത്തൂർ. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജ് ബോർഡിലൊതുങ്ങുേമ്പാൾ ഇൗ പ്രദേശങ്ങളിലെ നിർധന രോഗികൾക്ക് വലിയ ആശ്വാസമാവും പൂത്തൂരിലെ നിർദിഷ്ട കോളജ്. കാസർകോട് ഗവ. കോളജിൽ ഒ.പി പോലും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. നവംബർ 15നകം ഒ.പി തുടങ്ങുമെന്ന് അറിയിപ്പ് വന്നെങ്കിലും ഫാർമസിസ്റ്റ് പോലുമില്ലാത്ത ഇവിടെ എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം.
പൂത്തൂരിലേത് വന്നാലും നമ്മുടേത് എന്താവും
പുത്തൂരിൽ മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിക്കാൻ എം.എൽ.എയും എം.പിയും കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഒരുവർഷത്തിനകം മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുമെന്നാണ് ഇരുവരുടെയും അവകാശവാദം. ഇനി ഇൗ കോളജ് വന്നാലും കാസർകോട് ഗവ. മെഡിക്കൽ കോളജ് പൂർത്തിയാകുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾ. ഉക്കിനടുക്കയിൽ ഏഴുവർഷം മുമ്പ് തുടങ്ങിയ മെഡിക്കൽ കോളജ് ഇപ്പോഴും പൂർത്തിയായില്ല. അക്കാദമിക് ബ്ലോക്ക് മാത്രമാണ് ആകെ പൂർത്തീകരിച്ചത്. കോവിഡ് ചികിത്സക്കപ്പുറം ഒരടി മുന്നോട്ടുപോകാത്ത മെഡിക്കൽ കോളജാണിത്.
കാസർകോടിനൊപ്പം അനുവദിച്ച പത്തനംതിട്ട, പാലക്കാട്, മലപ്പുറം മെഡിക്കൽ കോളജുകൾ യാഥാർഥ്യമായിട്ടും ഇവിടെ ഇഴഞ്ഞുനീങ്ങുന്നു.
മെഡിക്കൽ കോളജ് ആശുപത്രി എന്നു യാഥാർഥ്യമാവുമെന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ, കാസർകോട് ജില്ലയിലുള്ളവർ വിദഗ്ധ ചികിത്സക്കുവേണ്ടി ഇപ്പോഴും മംഗളൂരുവിനെ തന്നെയാണ് ആശ്രയിക്കുന്നത്.
പാർട്ടി സമ്മേളനങ്ങളിലും ചോദ്യം
സി.പി.എമ്മിൽ സമ്മേളനകാലമാണ്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലെല്ലാം കാസർകോട് മെഡിക്കൽ കോളജ് വലിയ ചർച്ചയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏഴുവർഷമായിട്ടും അക്കാദമിക് ബ്ലോക്കിൽ മാത്രമൊതുങ്ങിയ കാര്യം ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉന്നയിക്കപ്പെട്ടു. ഇതര മെഡിക്കൽ കോളജുകൾ ബഹുദൂരം മുന്നോട്ടുപോയിട്ടും ജില്ലയിലേത് നാണക്കേടായെന്നാണ് പ്രവർത്തകർ വിശേഷിപ്പിച്ചത്. കോവിഡ് കാരണമാണ് പ്രവൃത്തി മുടങ്ങിയതെന്നും അടുത്ത ജൂണോടെ മെഡിക്കൽ കോളജ് യാഥാർഥ്യമാവുമെന്നും നേതാക്കൾ പ്രവർത്തകരെ ബോധ്യപ്പെടുത്തി. മിക്ക സമ്മേളനങ്ങളും മെഡിക്കൽ കോളജ് വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രമേയവും പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.