അനസ്തേഷ്യക്ക് കൈക്കൂലി; സസ്പെൻഷന് വിജിലൻസ് ശിപാർശ
text_fieldsകാസർകോട്: ശസ്ത്രക്രിയ നിർദേശിച്ച രോഗിയിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റിലായ കാസർകോട് ജനറൽ ആശുപത്രി അനസ്തറ്റിസ്റ്റ് ഡോ. വെങ്കിടഗിരിയെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശിപാർശ ചെയ്തു. അദ്ദേഹത്തെ തലശേരി വിജിലൻസ് കോടതി രണ്ടാഴ്ചക്ക് റിമാൻഡ് ചെയ്തു.
വെങ്കിടഗിരി അനസ്തേഷ്യ നൽകേണ്ടിയിരുന്ന രോഗിയിൽനിന്ന് വിജിലൻസ് ഡിവൈ.എസ്.പി. വിശ്വംഭരൻ ജനറൽ ആശുപത്രിയിൽചെന്ന് മൊഴിയെടുത്തു. രോഗിയിൽനിന്നും മറ്റ് ജീവനക്കാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വെങ്കിടഗിരിക്കെതിരെ ഇതിനു മുമ്പും വിജിലൻസ് നടപടിയും മനുഷ്യാവകാശ കമീഷനിൽ പരാതിയും ഉണ്ടായിരുന്നു. വിജിലസെടുത്ത നടപടിയിൽ കോടതിയിൽ കേസ് നിലനിൽക്കുകയാണ്. മനുഷ്യാവകാശ കമീഷനിൽ ലഭിച്ച പരാതിയിൽ ആരോഗ്യ ഡയറക്ടറേറ്റ് നേരിട്ട് എത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നതിനാൽ തുടർനടപടിയുണ്ടായില്ല.
വെങ്കിടഗിരിക്കെതിരെ അന്വേഷണം നടത്തി അച്ചടക്കനടപടി സ്വീകരിക്കാനാണ് അന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് ഒരു മാസത്തിനകം കമീഷനെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഒരു നടപടിയും എടുത്തിരുന്നില്ല.
2021 ആഗസ്റ്റ് 11ന് വാഹനാപകടത്തിൽ കൈക്ക് പരിക്കേറ്റ് ജനറൽ ആശുപത്രിയിലെത്തിയ രോഗിയാണ് പരാതി നൽകിയത്. പാറക്കട്ട ആർ.ഡി. നഗർ സർബാഷ് വില്ലയിൽ മുഹമ്മദ് ഷാസിബിന് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നൽകാൻ വിസമ്മതിച്ചതിനാണ് ഷാസിബിന്റെ മാതാവ് മനുഷ്യവകാശ കമീഷന് പരാതി നൽകിയത്.
അനസ്തേഷ്യ നൽകാൻ കഴിയാത്തതു കാരണം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി രോഗിയുടെ അമ്മ ഫാത്തിമത്ത് സാജിദ സമർപ്പിച്ച പരാതിയിൽ പറഞ്ഞിരുന്നു. ശസ്ത്രക്രിയ നടത്തേണ്ട ഡോ. അഹമ്മദ് സാഹിർ അനസ്തേഷ്യ നൽകാൻ ഡോ. വെങ്കിടഗിരിയോട് അഭ്യർഥിച്ചിട്ടും അദ്ദേഹം തയാറായില്ലെന്ന് അന്നത്തെ ആശുപത്രി സൂപ്രണ്ട് കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വെങ്കിടഗിരിയുടെ രോഗികളോടുള്ള സമീപനത്തിൽ ഡോക്ടർമാർക്കിടയിലും കടുത്ത എതിർപ്പുണ്ടായിരുന്നു. ശസ്ത്രക്രിയ വിദഗ്ധൻമാരായ ഡോക്ടർമാർ അനസ്തറ്റിസ്റ്റിന് കീഴ്പെട്ട് ജോലി ചെയ്യേണ്ട സ്ഥിതിയാണ് ജനറൽ ആശുപത്രിയിലുള്ളത്. വെങ്കിടഗിരിയുടെ നിലപാട് സംബന്ധിച്ച് ഡോ. അഹമ്മദ് സാഹിറും ഡോ. വെങ്കിടഗിരിയും തമ്മിൽ ചില തർക്കങ്ങളും വിയോജിപ്പുകളും മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മധൂർ പഞ്ചായത്തിൽ താമസിക്കുന്ന 26കാരിയായ ദലിത് യുവതിക്ക് കൈക്കൂലി നൽകാൻ പണമില്ലാത്തിനെ തുടർന്ന് ശസ്ത്രക്രിയ നിഷേധിക്കപ്പെട്ടു. ഗർഭപാത്രത്തിലെ പ്രശ്നവുമായി ബന്ധപ്പെട്ടാണ് സരസ്വതിയെന്ന യുവതി എത്തിയത്. 1000 രൂപയാണ് കൈക്കൂലി നൽകാൻ ആവശ്യപ്പെട്ടത്.
തനിക്ക് നൽകാൻ പണമില്ല എന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽനിന്നും അവരെ വിടുതൽ ചെയ്യുകയായിരുന്നു. രോഗിയുടെ രോഗവിവരങ്ങൾ കൈവശമുണ്ടായിരുന്നില്ല എന്നും കൂടെ ചെറിയ കുട്ടിയാണുണ്ടായിരുന്നതെന്നുമുള്ള മറുപടികളാണ് വെങ്കിടഗിരി അന്ന് മാധ്യമങ്ങൾക്ക് ൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.