വെല്ലുവിളികൾ തുറന്നുകാട്ടി ബാസിൽ സമാൻ
text_fieldsതലശ്ശേരി: ബഡ്സ് ജില്ല ഫെസ്റ്റിൽ പ്രച്ഛന്ന വേഷം മത്സരത്തിൽ കൈയടി നേടി 26 കാരനായ ബാസിൽ. സമൂഹത്തിൽ ദിന്നശേഷിക്കാർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡന അനുഭവങ്ങളാണ് ബാസിൽ സമാൻ തുറന്നുകാട്ടിയത്. മാടായി ബഡ്സ് സ്കൂളിലെ വിദ്യാർഥിയായ ബാസിൽ കഥാപാത്രമായ മല്ലി എന്ന പെൺകുട്ടിയുടെ വേഷമണിഞ്ഞാണ് ഭിന്നശേഷിക്കാർ നേരിടുന്ന പ്രയാസങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചത്. മാട്ടൂൽ സൗത്തിലെ ബൈത്തുൽ ബാസിൽ മൻസിലിൽ എം. ബഷീറിന്റെയും പി.വി. റഷീദയുടെയും മകനാണ്. രണ്ടുതവണ സംസ്ഥാന തലത്തിൽ ബാസിൽ മത്സരിച്ചിരുന്നു. ഫോക്ക് ഡാൻസിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. അധ്യാപിക ഹരിന, സഫ് വാൻ ഷാൻ എന്നിവരാണ് ബാസിലിന് പരിശീലനം നൽകുന്നത്. ഫെസ്റ്റിൽ ഒപ്പന, ഗ്രൂപ് ഡാൻസ് എന്നീ ഇനങ്ങളിലും ബാസിൽ മത്സരിക്കുന്നുണ്ട്.
നിറങ്ങളിൽ തെളിഞ്ഞ്
തലശ്ശേരി: ഓഫ് സ്റ്റേജ് മത്സരങ്ങളിൽ വേദി നിറക്കൂട്ടിൽ പെൻസിൽ ഡ്രോയിങ്, എംബോസ് പെയിന്റിങ്, ക്രയോൺ പെയിന്റിങ്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളാണ് നടന്നത്. വ്യത്യസ്ത വിഷയങ്ങളാണ് നൽകിയത്. എംബോസ് പെയിന്റിങ്ങിൽ മത്സരാർഥികൾക്ക് ലഭിക്കുന്ന ജലച്ഛായ കവറിന് മുകളിലെ ചിത്രങ്ങളായിരുന്നു വിഷയം. പ്രത്യേക കാൻവാസിൽ മികച്ച രീതിയിലാണ് മത്സരാർഥികൾ കളർ നൽകിയത്.
ബാൻഡ് മേളത്തിൽ കസറി
തലശ്ശേരി: ബാൻഡ് മേളത്തിൽ മറ്റുള്ളവരെ പോലെ അവരും കസറി. സാധാരണ സ്കൂൾ കലോത്സവ മത്സരങ്ങളിൽ കാണുന്ന വീറും വാശിയും മേളത്തിൽ പ്രകടമായി. കാഴ്ചക്കാർ കുറവാണെങ്കിലും ആവേശത്തിന് ഒരു കുറവുമില്ലാതെ ഭംഗിയായി മത്സരാർഥികൾ ടീമായി ബാൻഡ് മേളം അവതരിപ്പിച്ചു. ഒപ്പം അധ്യാപകരുടെയും പരിശീലകരുടെയും പിന്തുണ അവർക്ക് ഊർജമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.