അപായമാകാം ഈ കെട്ടിടം; യാത്രക്കാർ പരിഭ്രാന്തിയിൽ
text_fieldsപാലക്കുന്ന്: പാലക്കുന്ന് ടൗണിൽ റോഡിനോട് ചേർന്നുള്ള ഓടിട്ട കെട്ടിടം സമീപവാസികൾക്കും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. കോട്ടിക്കുളം റെയിൽവേ പ്ലാറ്റ് ഫോമിലേക്കുള്ള ഗേറ്റിന് തൊട്ട് കിഴക്കുഭാഗത്താണ് ഈ കെട്ടിടം. ഇതിലെ രണ്ടു മുറികൾ നേരത്തേ നിലംപതിച്ചതാണ്. ശേഷിച്ച മുറികൾ ഏതുനേരത്തും നിലംപൊത്താവുന്നവിധം അപകടാവസ്ഥയിലാണ്. കെട്ടിടത്തോട് ചേർന്ന വടക്കുഭാഗത്തെ വീടുകളിലേക്കുള്ള ഒരു മീറ്റർപോലും വീതിയില്ലാത്ത നടവഴിയിലൂടെ കുട്ടികളടക്കമുള്ള പതിവ് യാത്രക്കാർ ഭയപ്പാടിലാണ്. തൊട്ട് വടക്കുഭാഗത്തെ വീടിനോട് ചേർന്നുള്ള ഈ കെട്ടിടത്തിന്റെ ചുമർ കഴിഞ്ഞദിവസം ഇടിഞ്ഞുവീണു. കാടും ചപ്പും ചവറും നിറഞ്ഞ ഇവിടെ ഇഴജന്തുക്കൾ തമ്പടിച്ചിട്ടുള്ളതുമൂലം വീടിന് പുറത്തിറങ്ങാനും ഭയപ്പെടുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഉദുമ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും പരിഹാരത്തിനായി കാത്തിരിക്കുയാണെന്നും വീട്ടുകാരും സമീപവാസികളും പറയുന്നു. ഇതിൽ പ്രവർത്തിച്ചിരുന്ന മിൽമ പാൽ വിൽപനക്കാരൻ ഒരുമാസം മുമ്പ് കടയൊഴിഞ്ഞിരുന്നു. ട്രെയിനുകൾ പോകാൻ ഗേറ്റ് അടഞ്ഞാൽ അപ്പുറം കടക്കാൻ വാഹനങ്ങളുമായി കാത്തിരിക്കുന്നവരുടെ അങ്കലാപ്പ് വേറെയും. എത്രയും പെട്ടെന്ന് ഇത് പൊളിച്ചുനീക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.