ബുൾഡോസർ രാജ്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
text_fieldsവീടിന്റെ മുൻഭാഗം പൊളിക്കുന്നതിനിടെ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് വീടിന്റെ ഭാഗങ്ങള് പൊളിച്ചുനീക്കാൻ ശ്രമം. പ്രതിഷേധിച്ച പ്രദേശവാസികളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ബേവിഞ്ചയിൽ റോഡിന്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന സഹോദരങ്ങളായ എം.ടി. അഹമ്മദലി, എം.ടി. ബഷീർ എന്നിവരുടെ വീട് പൊളിക്കാനാണ് നിർമാണകമ്പനി ബുൾഡോസറുമായി എത്തിയത്.
ഇരുവരുടെയും വീടിന്റെ മുൻഭാഗം തകർക്കാനാണ് കമ്പനിയും റവന്യൂ അധികൃതരും ശ്രമിച്ചത്. മുമ്പ് റവന്യൂ വിഭാഗം വീടിന്റെ മുൻഭാഗത്തെ പില്ലർ കഴിഞ്ഞ് വാതിൽപടിയിൽ മാർക്ക് ചെയ്തു പോയിരുന്നു. ഇത് വീടിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും പൂർണമായി വീട് എടുക്കണമെന്നുമാവശ്യപ്പെട്ട് സഹോദരങ്ങൾ ഹൈകോടതിയിലും അധികൃതർക്കും നിവേദനം നൽകിയിരുന്നു.
തർക്കം നിലനിൽക്കുമ്പോൾതന്നെ കലക്ടറുമായി ചർച്ചയും നടത്തി. എന്നാൽ, ഇതിലൊരു തീർപ്പിലെത്താത്ത സാഹചര്യത്തിലാണ് ഒരറിയിപ്പുമില്ലാതെ ശനിയാഴ്ച രാവിലെ മൂന്നു മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് വീടിന്റെ കോമ്പൗണ്ട് തകർക്കാൻ തുടങ്ങിയത്. ഇരുവീട്ടിലെയും അസുഖക്കാരെ പുറത്തിറക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തുതരണമെന്നും കൃത്യമായി സർവിസ് റോഡ് മാർക്ക് ചെയ്യണമെന്നും പുറത്തിറങ്ങാനുള്ള വഴി വരച്ചു തരണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന്റെ മുന്നിലെ മതിൽക്കെട്ടുകളും തെങ്ങും കവുങ്ങും തുടങ്ങി കൃഷി മുഴുവനും നിമിഷനേരംകൊണ്ട് ഇല്ലാതാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. ഡെപ്യൂട്ടി കലക്ടറും നിർമാണ കമ്പനിയുടെ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. മുസ് ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച കലക്ടറുടെ മുന്നിൽ ചർച്ച ചെയ്ത് തീരുമാനമായതിനുശേഷം വീട് പൊളിക്കാൻ വന്നാൽ മതിയെന്ന് അപേക്ഷിച്ചെങ്കിലും അധികൃതർ കേട്ടില്ലെന്നാണ് ആരോപണം. ഞായറാഴ്ച പ്രതിഷേധയോഗം ചേരുമെന്ന് പ്രദേശവാസികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.