ചുട്ടുപൊള്ളുന്നു; നിരീക്ഷണം തെറ്റുന്നു
text_fieldsമൊഗ്രാൽ: ‘അടുത്ത നാലുദിവസം ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്’ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഈ ഒരുമാസത്തെ മുന്നറിയിപ്പാണിത്. ഇടിയും മിന്നലും പോയിട്ട് ജില്ലയിൽ വേനൽ മഴപോലും ലഭിച്ചില്ല. കൊടുംചൂടിൽ തീച്ചൂളയിലെന്നപോലെ വെന്തുരുകുകയാണ് ജില്ല. രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ.
കൊടുംചൂടിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. അംഗൻവാടികൾ പ്രവർത്തിക്കുന്നില്ല. മദ്റസകളും അടച്ചിട്ടു. ജില്ലയിലെ വിവിധഭാഗങ്ങളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. കുടിവെള്ളം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പെടാപ്പാടിലാണ്. പക്ഷിമൃഗാദികളും അസഹ്യമായ കൊടുംചൂടിന്റെ കെടുതികൾക്കിരയാവുന്നു. കാക്കകളും പക്ഷികളും ചത്തുവീഴുന്നുണ്ട്. മരങ്ങളൊക്കെ ഉണങ്ങിനശിക്കുന്നു.
ദേശീയപാതയിൽനിന്ന് വികസനത്തിന്റെ ഭാഗമായി മരങ്ങൾ അപ്രത്യക്ഷമായതോടെയാണ് ഈ ചൂടിന്റെ പ്രധാന കാരണം. ഉയർന്ന താപനിലയും കൊടും ചൂടും തുടരുമെന്ന് പറയുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴക്കുള്ള സാധ്യത ഇപ്പോൾ പറയുന്നേയില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനമൊന്നും ശരിയാവുന്നുമില്ല. ജില്ലയിൽ തീരദേശമേഖലയിലാണ് ചൂടിന്റെ കാഠിന്യം ഏറെ അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചൂട് 37.8 ഡിഗ്രി സെൽഷ്യസ് വരെ എത്തി.
രാത്രിയാവട്ടെ ഇത് 30 ഡിഗ്രി സെൽഷ്യസും. രാത്രിയും വെളുപ്പിനും വരെ വിയർത്തുകുളിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ചുരുക്കിപ്പറഞ്ഞാൽ പാലക്കാടിന് സമാനമായ സാഹചര്യം ജില്ലയിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെയാണ് ജില്ലയിൽ മഞ്ഞ ജാഗ്രത നിലനിൽക്കുന്നത്. ഒപ്പം ഉഷ്ണതരംഗ മുന്നറിയിപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.